ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറു വർഷങ്ങൾ

ദോസിയർ നമ്പർ 32 

സ്വേച്‌ഛാധിപത്യത്തിനും ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരമായ പോരാട്ടങ്ങൾക്ക് 2020 ഒക്ടോബർ 17-ന് നൂറു വയസ്സു തികഞ്ഞു. സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ലക്ഷക്കണക്കിനു വിപ്ലവകാരികളുടെ ത്യാഗങ്ങളുടെ ഒരു നൂറ്റാണ്ടാണ് കടന്നുപോയിരിക്കുന്നത്. ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ഈ പാതയിൽ രക്തസാക്ഷിത്വം വരിച്ചു. അതിലുമേറെ പേർ ഭരണകൂട അടിച്ചമർത്തലുകളെയും, ആക്രമണങ്ങളെയും, വിധ്വംസക ശ്രമങ്ങളെയും എതിരിട്ടുകൊണ്ട് പുതുസമൂഹ സൃഷ്‌ടിക്കായുള്ള പോരാട്ടങ്ങൾ തുടരുന്നു. സമൂഹത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതിനായി കോടിക്കണക്കിനു ജനങ്ങളെ കർമനിരതരാക്കുവാൻ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റുകാർക്ക് സാധിച്ചു. അവർ വർഗീയവിദ്വേഷത്തിനെതിരെയും ജാതി വിവേചനത്തിനെതിരെയും പോരാടി; തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു; പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചൂഷിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ തക്കവണ്ണം ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനായി പ്രവർത്തിച്ചു. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കാൻ സോഷ്യലിസത്തിനും അതിൽ നിന്നും കമ്മ്യൂണിസത്തിലേയ്‌ക്കുള്ള പരിവർത്തനത്തിനും മാത്രമേ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. മനുഷ്യരാശി വിഷമസന്ധികളെ നേരിടുന്ന ഇന്നത്തെക്കാലത്തും ഈ ലക്ഷ്യം മുൻ‌നിർത്തി അവർ പോരാട്ടം തുടരുകയാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ദേശസ്‌നേഹികളാണ്. അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ആഴത്തിൽ വേരൂന്നി നിന്നുകൊണ്ടുള്ളതാണ്. എന്നിരുന്നാലും മാനവവിമോചനത്തിനായുള്ള സാർവദേശീയ പോരാട്ടത്തിന്റെ അവിഭാജ്യമായ ഭാഗമായിട്ടാണ് ഇന്ത്യയിലെ വിപ്ലവപ്രവർത്തനങ്ങളെ അവർ കാണുന്നത്. കമ്മ്യൂണിസ്റ്റ് ഭാവി എന്ന സ്വപ്‌നം ലോകമെമ്പാടുമുള്ള സഖാക്കളോടൊപ്പം തങ്ങൾ പങ്കിടുന്ന ഒന്നാണ് എന്നവർ വ്യക്തമായി മനസിലാക്കുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായ സാർവദേശീയതയിൽ ഊന്നിയതാണ് എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകത്ത് അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്കും രാജ്യങ്ങൾക്കും വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊണ്ടിട്ടുണ്ട് — ആ നിലപാട് സ്വന്തം രാജ്യത്തിനുള്ളിൽ ജനസമ്മതിയുള്ള നിലപാടല്ലാതിരുന്ന ഘട്ടങ്ങളിൽപ്പോലും.

സാറിസ്റ്റ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ വിജയം കൈവരിച്ച 1917-ലെ ഒക്‌ടോബർ വിപ്ലവം അടിച്ചമർത്തപ്പെട്ട രാഷ്‌ട്രങ്ങളുടെയാകെ പോരാട്ടങ്ങളിൽ ഊർജമായി. ചരിത്രത്തിലെ ഈ മഹത്തായ അധ്യായത്താൽ പ്രചോദിതമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ത്യയിൽ ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കണം എന്നാഗ്രഹിച്ച ഒരു സംഘം ഇന്ത്യൻ വിപ്ലവകാരികൾ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അന്ന് സോവിയറ്റ് യൂണിയനിലായിരുന്ന താഷ്‌കെന്റിൽ എത്തിച്ചേർന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗവുമായിരുന്ന ഇന്ത്യൻ വിപ്ലവകാരി എംഎൻ റോയിയുടെ സഹായത്തോടെ അവർ 1920 ഒക്ടോബർ 17-ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു.

വിദേശത്തുവച്ചു രൂപീകൃതമായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കൂടാതെ 1920-കളുടെ തുടക്കത്തിൽ നിരവധി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയുടെ പലഭാഗങ്ങളായി ഉദയം ചെയ്‌തു. ബോംബെയിൽ എസ്എ ഡാങ്കെയുടെയും കൽക്കട്ടയിൽ മുസഫ്ഫർ അഹ്‌മദിന്റെയും മദ്രാസിൽ എം ശിങ്കാരവേലു ചെട്ടിയാരുടെയും ലാഹോറിൽ ഗുലാം ഹുസെയ്നിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഈ ഗ്രൂപ്പുകൾക്ക് മാർക്‌സിസം-ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകാനുള്ള പ്രവർത്തനങ്ങൾ നടത്തി.

എംഎൻ റോയിയുമായി സമ്പർക്കത്തിലായിരുന്ന ഇന്ത്യയിൽത്തന്നെയുള്ള കമ്മ്യൂണിസ്റ്റുകാർ 1925 ഡിസംബർ 25 മുതൽ 28 വരെയുള്ള തീയതികളിൽ ഇന്നത്തെ ഉത്തർ പ്രദേശിലെ കാൺപൂർ നഗരത്തിൽ ഒരു തുറന്ന സമ്മേളനം വിളിച്ചു ചേർത്തു. അവർ ഈ സമ്മേളനത്തിൽ വച്ച് ബോംബെ ആസ്ഥാനമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിക്കാൻ തീരുമാനിച്ചു. ഒരു അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മണ്ണിൽ രൂപീകരിക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു ഇത്. അതിനാൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാർ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭമായി ഈ ശ്രമത്തെയാണ് അടയാളപ്പെടുത്തുന്നത്.

 

 

Caption: MN Roy (centre, black tie and jacket) with Vladimir Lenin (tenth from the left), Maxim Gorky (behind Lenin), and other delegates to the Second Congress of the Communist International at the Uritsky Palace in Petrograd. 1920. Credit: Magazine Krasnay Panorama (Red Panorama) / Wikipedia.

എംഎൻ റോയ് (നടുക്ക്, കറുത്ത ടൈയും ജാക്കറ്റും) വ്ലാദിമിർ ലെനിൻ (ഇടത്തു നിന്ന് പത്താമത്), മാക്‌സിം ഗോർക്കി (ലെനിനു പിന്നിൽ) തുടങ്ങിയവർക്കൊപ്പം, 1920-ൽ. ആ വർഷം സോവിയറ്റ് റഷ്യയിലെ പെട്രോഗ്രാഡിൽ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിലേയ്‌ക്കുള്ള പ്രതിനിധികളായിരുന്നു ചിത്രത്തിലുള്ള എല്ലാവരും. കോൺഗ്രസിനു വേദിയായ യൂറിത്‌സ്‌കി പാലസിൽ വച്ചെടുത്തതാണ് ചിത്രം.
ക്രാസ്‌നേ പനോരമ മാഗസിൻ (റെഡ് പനോരമ) / വിക്കിമീഡിയ കോമൺസ്.

 

ആദ്യവർഷങ്ങൾ

 

ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും ഇന്ത്യ പൂർണ്ണസ്വാതന്ത്യം നേടിയെടുക്കണമെന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് തങ്ങളുടെ ഭാഗധേയം സ്വയം നിർണ്ണയിക്കാൻ കഴിയുന്ന ഒരു സമൂഹം സൃഷ്‌ടിക്കണമെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യമിട്ടു. അവരെ സംബന്ധിച്ചിടത്തോളം, ഈ ലക്ഷ്യം തീർച്ചയായും സാധ്യമാണ് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു സോവിയറ്റ് യൂണിയൻ. അവർ തീക്ഷ്‌ണമായ സംഘടനാ പ്രവർത്തനം ഏറ്റെടുത്തു. 1920-കളുടെ അന്ത്യത്തോടെ ഇന്ത്യയിലെ വൻ നഗരങ്ങളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ശക്തിപ്പെടുന്നതിന് ഇതിടയാക്കി. 1928, 1929 വർഷങ്ങളിൽ രാജ്യത്ത് തൊഴിലാളിവർഗ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ബോംബെയിലെ തുണിമിൽ തൊഴിലാളികളുടെയും ബംഗാളിലെ റയിൽ‌വേ തൊഴിലാളികളുടെയും ദീർഘകാലം നീണ്ടുനിന്ന സമരങ്ങൾ ഇക്കാലത്തെ പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയമായിരുന്നു.

സ്വാതന്ത്ര്യസമരം നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് താരതമ്യേന മിതമായ രീതിയിലുള്ള സമരങ്ങളാണ് നയിച്ചുപോന്നിരുന്നത്. എന്നാൽ കോളനിഭരണവിരുദ്ധ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ അണിചേർന്നതോടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കൂടുതൽ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസ് നിർബന്ധിതമായി. അഹമ്മദാബാദിൽ വച്ച് 1921-ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരായ മൗലാനാ ഹസ്രത് മൊഹാനിയും സ്വാമി കുമാരാനന്ദും ഇന്ത്യയ്‌ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് ആ പ്രമേയം തള്ളിക്കളഞ്ഞു എങ്കിലും, സമ്മേളനത്തിൽ ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടു എന്നത് ഗൗരവമായി കണക്കാക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ സ്വാധീനം ചെലുത്തിത്തുടങ്ങി എന്നതിന്റെ സൂചനയായിരുന്നു ഇത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിക്കുന്നതിലും അതിന് തങ്ങളുടെ സാമ്രാജ്യത്തിനു മേലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളിലും അപകടം മണത്ത ബ്രിട്ടീഷുകാർ, ആദ്യകാല കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ചുകൊണ്ടുള്ള കേസുകളുടെ ഒരു പരമ്പര തന്നെ ചുമത്തി. 1921-നും 1933-നും ഇടയിൽ അക്കാലത്തെ നിരവധി പ്രമുഖ കമ്മ്യൂണിസ്റ്റുനേതാക്കൾ അറസ്റ്റിലാവുകയും ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തു. ഈ ഗൂഢാലോചനക്കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1929 മുതൽ 1933 വരെ നീണ്ടുനിന്ന മീററ്റ് ഗൂഢാലോചനക്കേസ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേസായിരുന്നു ഇതെങ്കിലും കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇത് മാർക്‌സിസ്റ്റ് പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാൻ പറ്റിയ ഒരു മികച്ച വേദിയായി മാറി. കോടതിയിൽ മാർക്‌സിസത്തെപ്പറ്റി വിശദീകരിക്കാനും അതിനെ അനുകൂലിച്ച് വീറോടെ ന്യായവാദം നടത്താനും അവർ ഈ അവസരം ഉപയോഗിച്ചു. കേസ് വിസ്‌താരത്തെപ്പറ്റിയുള്ള വാർത്തകൾ പൊതുജനങ്ങളിൽ വലിയ താത്പര്യമുണർത്തി എന്നതും സഹായകരമായി. കുറ്റാരോപിതരായ 33 പേരിൽ 27 പേർ കുറ്റക്കാരായി വിധിക്കപ്പെട്ടു. അവരെയെല്ലാം നാടുകടത്തുകയോ ജയിലിലേയ്‌ക്കയയ്‌ക്കുകയോ ചെയ്‌തു. 1934-ൽ ബ്രിട്ടീഷ് സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെയും (സിപിഐ)  അതിന്റെ അനുബന്ധസംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ സംഘടനകളിൽ അംഗമായിരിക്കുന്നത് ക്രിമിനൽ കുറ്റമാക്കി. എന്നാൽ കമ്മ്യൂണിസ്റ്റുകാർ രഹസ്യമായി തങ്ങളുടെ വിപ്ലവ പ്രവർത്തനം തുടർന്നു. പാർട്ടിയുടെ സ്വാധീനവും അംഗസംഖ്യയും വളർന്നുകൊണ്ടിരുന്നു.

1929-ൽ ആരംഭിച്ച് 1930-കളുടെ അവസാനത്തോളം വരെ തുടർന്ന മഹാ സാമ്പത്തികത്തകർച്ച (Great Depression) മുതലാളിത്തലോകത്ത് വലിയ നാശനഷ്‌ടങ്ങൾ വിതച്ചു. എന്നാൽ ഇക്കാലത്തും വലിയ തോതിൽ പുരോഗതി കൈവരിച്ച സോവിയറ്റ് യൂണിയന്റെ നേട്ടം, ലോകമെമ്പാടും ഒട്ടനവധി പേർ സോഷ്യലിസത്തിലും മാർക്‌സിസത്തിലും ആകൃഷ്‌ടരാകുന്നതിനിടയാക്കി. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിത സംഘടനയായിരുന്നെങ്കിലും, കോൺഗ്രസും കോൺഗ്രസിലെ ഇടതുപക്ഷക്കാരുടെ സംഘമായിരുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഉൾപ്പെടെ പലവിധ സംഘടനകളിലും കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിക്കുകയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവ ഭാഗഭാക്കുകളാകുകയും ചെയ്‌തു. അവർ പാർട്ടി പ്രവർത്തനം രഹസ്യമായി തുടരുകയും ഒട്ടനവധി യുവാക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർക്കുകയും ചെയ്‌തു. ഈ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ പലരും പിൽക്കാലത്ത് പ്രമുഖരായ നേതാക്കളായി. ഇങ്ങനെ വ്യത്യസ്‌തമായ വേദികൾ ഉപയോഗിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ വലിയ വിഭാഗം ജനങ്ങളെ കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയുമൊക്കെ വർഗ-ബഹുജന സംഘടനകളിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു.

 

 

Caption: Portrait taken outside the jail in Meerut of twenty-five of those who were imprisoned as part of the Meerut Conspiracy Case. Back row (left to right): KN Sehgal, SS Josh, HL Hutchinson, Shaukat Usmani, BF Bradley, A Prasad, P Spratt, G Adhikari. Middle Row: RR Mitra, Gopen Chakravarti, Kishori Lal Ghosh, LR Kadam, DR Thengdi, Goura Shanker, S Bannerjee, KN Joglekar, PC Joshi, Muzaffar Ahmad. Front row: MG Desai, D Goswami, RS Nimbkar, SS Mirajkar, SA Dange, SV Ghate, Gopal Basak. Credit: The Hindu Archives.

മീററ്റ് ഗൂഢാലോചനക്കേസിൽ ജയിലിലടക്കപ്പെട്ട 25 പേരുടെ ചിത്രം മീററ്റ് ജയിലിനു പുറത്തുവച്ചെടുത്തത്. പിൻ‌നിരയിൽ, ഇടത്തു നിന്ന് വലത്തോട്ട്: കെഎൻ സെഹ്ഗാൾ, എസ്എസ് ജോഷ്, എച്ച്എൽ ഹച്ചിൻസൺ, ഷൗക്കത്ത് ഉസ്‌മാനി, ബിഎഫ് ബ്രാഡ്‌ലി, എ പ്രസാദ്, പി സ്പ്രാറ്റ്, ജി അധികാരി. നടുവിലെ നിരയിൽ: ആർആർ മിത്ര, ഗോപേൻ ചക്രവർത്തി, കിഷോരി ലാൽ ഘോഷ്, ഡിആർ ഠേംഗ്ഡി, ഗൗരാ ശങ്കർ, എസ് ബാനർജി, കെഎൻ ജോഗ്‌ലേക്കർ, പിസി ജോഷി, മുസഫ്ഫർ അഹ്മദ്. മുൻ‌നിരയിൽ: എംജി ദേശായി, ഡി ഗോസ്വാമി, ആർഎസ് നിംബ്കർ, എസ്എസ് മീരജ്കർ, എസ്എ ഡാങ്കെ, എസ്‌വി ഘാട്ടെ, ഗോപാൽ ബസക്.
ദ് ഹിന്ദു ആർക്കൈവ്സ്.

 

വർഗ-ബഹുജന സംഘടനകളുടെ വളർച്ച

 

പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടിയെടുക്കാൻ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യം സുപ്രധാനമാണെന്ന് കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിന്നും ആർജ്ജിച്ച അനുഭവസമ്പത്ത് കമ്മ്യൂണിസ്റ്റുകാരുടെ ഈ തിരിച്ചറിവിന് കൂടുതൽ വ്യക്തത നൽകി. കോളനിഭരണസംവിധാനത്തെയും ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങളെയും സ്‌തംഭിപ്പിക്കാൻ തൊഴിലാളികൾക്ക് സാധിക്കും എന്നവർ മനസ്സിലാക്കി. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളുടെ ഫലമായി 1937-ൽ തൊഴിലാളിവർഗ സമരങ്ങളുടെ തിരമാലകൾ രാജ്യമെമ്പാടും ആഞ്ഞടിച്ചു. 6,06,000 തൊഴിലാളികളാണ് ഈ സമരങ്ങളിൽ അണിചേർന്നത്.

തൊഴിലാളികൾക്ക് പുറമേ, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബുദ്ധിജീവികൾക്കും ദേശീയ പ്രസ്ഥാനത്തിൽ വഹിക്കാനുള്ള പങ്ക് കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയുകയും അവരെ വിപ്ലവപ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.

ഏറ്റവും പ്രധാനമായി, അക്കാലത്ത് ജനസംഖ്യയിൽ 80 ശതമാനത്തിലധികം പേർ കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഇന്ത്യയിൽ ദേശീയവിമോചനം യഥാർത്ഥത്തിൽ സാധ്യമാകണമെങ്കിൽ വലിയ തോതിൽ കർഷകരെ സംഘടിപ്പിച്ചേ മതിയാകൂ എന്നും കമ്മ്യൂണിസ്റ്റുകാർ മനസിലാക്കി. അങ്ങനെ, ആദ്യകാലത്ത് പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചു നടന്നിരുന്ന കമ്മ്യൂണിസ്റ്റ് സംഘടനാ പ്രവർത്തനങ്ങൾ ഗ്രാമപ്രദേശങ്ങളിലേയ്‌ക്കും വ്യാപിച്ചു തുടങ്ങി.

വിവിധ വിഭാഗം ജനങ്ങൾക്ക് ദേശീയപ്രസ്ഥാനത്തിലും സാമൂഹ്യമാറ്റത്തിനായുള്ള മുന്നേറ്റങ്ങളിലും വഹിക്കാനുള്ള പങ്കിനെപ്പറ്റിയുള്ള മേൽപ്പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റുകാർ നിരവധി ബഹുജനസംഘടനകൾ രൂപീകരിച്ചു. ഓൾ ഇന്ത്യാ  കിസാൻ സഭ (എഐകെഎസ് അഥവാ അഖിലേന്ത്യാ കർഷകസംഘം), ഓൾ ഇന്ത്യാ സ്‌റ്റുഡെന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), ഓൾ ഇന്ത്യാ പ്രോഗ്രസിവ് റൈറ്റേഴ്‌സ് അസ്സോസിയേഷൻ (അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന) എന്നിവ 1936-ലും ഇന്ത്യൻ പീപ്പിൾസ് ഥിയെറ്റർ അസ്സോസിയേഷൻ (ഇന്ത്യൻ ജനകീയ നാടക സംഘടന) 1943-ലും രൂപീകരിച്ചു. കർഷകത്തൊഴിലാളികളുടെ ആദ്യത്തെ സംഘടനയും കമ്മ്യൂണിസ്റ്റുകാരാണ് രൂപീകരിച്ചത്. നീതിയും അവകാശങ്ങളും നേടിയെടുക്കുന്നതിനായുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ആഗ്രഹത്തെ വിപ്ലവബോധത്തിലേക്ക് നയിക്കുന്നതിന് ഈ വർഗ-ബഹുജനസംഘടനകൾ സഹായിച്ചു.

ഗ്രാമങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വർഗവും ജാതിയും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യൻ ജന്മിസമ്പ്രദായത്തിന്റെ ശക്തമായ ഘടനയോട് മല്ലിടേണ്ടി വന്നു. ഗ്രാമീണ ഇന്ത്യയിൽ ജന്മികളും പണമിടപാടുകാരും സർക്കാർ ഉദ്യോഗസ്ഥരും കർഷകരെ ചൂഷണം ചെയ്യുന്നത് വ്യാപകമായിരുന്നു. വായ്പയുടെ തിരിച്ചടവും കരമടവും കഴിയുമ്പോൾ ഭൂമിയിൽ പണിയെടുക്കുന്ന കർഷകന്റെ കയ്യിൽ തന്റെ കുടുംബത്തിന്റെ വിശപ്പകറ്റാൻ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. കടക്കെണിയിലേയ്‌ക്ക് തള്ളിയിടപ്പെട്ടതോടെ കർഷകരിൽ വലിയൊരു വിഭാഗത്തിനും ഭൂമി നഷ്‌ടപ്പെടുകയും അവർ കുടിയാന്മാരായി മാറുകയും ചെയ്‌തു. അതിനേക്കാൾ കഷ്‌ടമായിരുന്നു ഭൂമിയില്ലാത്ത തൊഴിലാളികളുടെ അവസ്ഥ. അയിത്തം കല്പിക്കപ്പെട്ടിരുന്ന ജാതികളിൽപ്പെട്ടവരായിരുന്നു ഇവരിൽ കൂടുതലും. നിർബന്ധിത വേല ചെയ്യാനും സമൂഹത്തിൽ വളരെത്താണ സ്ഥാനവും അപമാനവും പേറി ജീവിക്കാനും ഇവർ ബലപ്രയോഗത്താലും സാമൂഹിക ആചാരങ്ങളാലും നിർബന്ധിതരാക്കപ്പെട്ടു. ഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ആദ്യം ഏറ്റെടുത്ത വിഷയങ്ങളിലൊന്ന് തൊട്ടുകൂടായ്മയായിരുന്നു. കുറഞ്ഞ വേതനവും നിർബന്ധിത വേലയും പോലുള്ള മറ്റു വിഷയങ്ങളുമായി തൊട്ടുകൂടായ്മയ്‌ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കി.

കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ കർഷകപ്രസ്ഥാനം ശക്തി പ്രാപിച്ചു. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കിസാൻ സഭയുടെ അംഗത്വം 1938 മെയ് മാസത്തിൽ 6 ലക്ഷം ആയിരുന്നത് 1939 ഏപ്രിലോടെ 8 ലക്ഷം ആയി ഉയർന്നു. ജന്മിസമ്പ്രദായം അവസാനിപ്പിക്കുക, കൃഷി ചെയ്യുന്ന കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുക, നിർബന്ധിതവേല നിർത്തലാക്കുക, കുടിയാന്മാരായ കർഷകരിൽ നിന്ന് ജന്മികൾ അക്രമപ്പിരിവ് നടത്തുന്നത് അവസാനിപ്പിക്കുക, ഭൂരഹിത കർഷകർക്കനുകൂലമായി ഭൂമി പുനർവിതരണം ചെയ്യുക, ഭൂനികുതിവ്യവസ്ഥ സമൂലമായി പരിഷ്കരിക്കുക, വിളവിന് മെച്ചപ്പെട്ട വില നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ കർഷകപ്രസ്ഥാനം മുന്നോട്ടു വച്ചു.

കമ്മ്യൂണിസ്റ്റുകാർ കർഷകരെ സംഘടിപ്പിച്ചപ്പോൾ, മിക്ക സ്ഥലങ്ങളിലും ജന്മികളുമായും ഭരണാധികാരികളുമായും തുറന്ന സഖ്യത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന് താങ്ങായി നിന്ന രണ്ട് നെടും‌തൂണുകളായിരുന്നു ജന്മിവർഗവും വ്യവസായികളും. ഇതിന്റെ ഫലമായി കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസിനുള്ളിലെ വലതുപക്ഷവും തമ്മിൽ സംഘർഷം വളർന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രവിശ്യാസർക്കാരുകൾ പ്രകടമായിത്തന്നെ ജന്മികളെയും മുതലാളിമാരെയും പിന്തുണച്ചു. കോൺഗ്രസിനുള്ളിലെ വലതുപക്ഷത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി‌എസ്‌പി) നേതൃത്വം കമ്മ്യൂണിസ്റ്റുകാരെ സി‌എസ്‌പിയിൽ നിന്നും പുറത്താക്കി. ഇതിനെത്തുടർന്ന്, സിഎസ്‌പിയുടെ ചില സംസ്ഥാന, ജില്ലാ, പ്രാദേശിക ഘടകങ്ങൾ പൂർണമായും സിപിഐ ഘടകങ്ങളായി രൂപാന്തരം പ്രാപിച്ചു. കേരളത്തിലെ സി‌എസ്‌പി അംഗങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി. (ഇ‌എം‌എസ് നമ്പൂതിരിപ്പാട്, ‘കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റുകാരും’, The Marxist, ജനുവരി-മാർച്ച് 1984.)

 

 

Caption: Circa 1946: Godavari Parulekar, leader of the communist movement and the All India Kisan Sabha, addressing the Warli tribals of Thane in present-day Maharashtra. The Warli Revolt, led by the Kisan Sabha against oppression by landlords, was launched in 1945. Credit: Margaret Bourke-White / The Hindu Archives.

1946-നോടടുപ്പിച്ച്, വാർലി പ്രക്ഷോഭകാലം: ഓൾ ഇന്ത്യാ കിസാൻ സഭയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന ഗോദാവരി പരുളേക്കർ ഇന്നത്തെ മഹാരാഷ്‌ട്രയിലെ ഠാനെയിലെ വാർലി ഗോത്രജനതയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നു. ജന്മികളുടെ അടിച്ചമർത്തലിനെതിരെ 1945-ൽ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് വാർലി പ്രക്ഷോഭം.
മാർഗരറ്റ് ബുർക്-വൈറ്റ് / ദ് ഹിന്ദു ആർക്കൈവ്‌സ്.

 

രണ്ടാം ലോകമഹായുദ്ധം

 

1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യൻ ജനതയുടെ പ്രതിനിധികളോട് കൂടിയാലോചിക്കാതെ ബ്രിട്ടൻ ഇന്ത്യയെ യുദ്ധത്തിൽ പങ്കാളികളാക്കി. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ യുദ്ധം ഇന്ത്യക്കാർക്ക് വലിയ ക്ലേശം സൃഷ്‌ടിച്ചു. സിപിഐ യുദ്ധത്തെ ശക്തമായി എതിർക്കുകയും യുദ്ധത്തിനെതിരായി വലിയ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യാൻ തുടങ്ങി. 1941 മെയ് മാസത്തോടെ സിപി‌ഐ-യുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും ജയിലിലായി.

എന്നാൽ 1941 ജൂൺ 22-ന് നാസി ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള യുദ്ധം എന്നതിൽ നിന്ന് മാറി ഫാഷിസത്തിനെതിരായ മുഴുവൻ ജനങ്ങളുടെയും യുദ്ധം എന്നതിലേയ്‌ക്ക് യുദ്ധത്തിന്റെ സ്വഭാവം മാറി. സിപിഐ പോളിറ്റ്‌ ബ്യൂറോയുടെ പ്രമേയം നിലപാട് വ്യക്തമാക്കി: ‘ഹിറ്റ്ലർ-ഫാഷിസം ആണ് പ്രധാന ശത്രു എന്നും, ലോകവിപ്ലവത്തിന്റെ ആസ്ഥാനം സംരക്ഷിക്കുക എന്ന താത്പര്യം പരിഗണിക്കുമ്പോൾ ബ്രിട്ടനോടും അമേരിക്കയോടും സഖ്യത്തിലേർപ്പെട്ടുകൊണ്ട് യുഎസ്‌എസ്‌ആർ നയിക്കുന്ന യുദ്ധം ജയിക്കുക എന്നത് മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ് എന്നും എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരിച്ചറിയേണ്ടതുണ്ട്.’ (പാർട്ടി അംഗങ്ങൾക്ക് അയച്ചുകൊടുത്ത പാർട്ടി കത്ത് നമ്പർ 56; 1941 ഡിസംബർ 15). ഈ കാഴ്‌ചപ്പാട് ഉയർത്തിപ്പിടിക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളോട് തൊഴിലാളിവർഗ സാർവദേശീയത ആഹ്വാനം ചെയ്യുന്നത് —  സിപി‌ഐ പോളിറ്റ്‌ ബ്യൂറോ പറഞ്ഞു.

ബ്രിട്ടീഷുകാരുമായി കോൺഗ്രസ് സന്ധിസംഭാഷണം നടത്തി. യുദ്ധത്തിനു ശേഷം അധികാരം കൈമാറാം എന്നതുൾപ്പെടെയുള്ള വാഗ്‌ദാനങ്ങൾ ബ്രിട്ടീഷുകാർ മുന്നോട്ടു വച്ചു. എന്നാൽ ചർച്ച പരാജയപ്പെട്ടു. അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന സിംഗപ്പൂർ, ബർമ, മലേഷ്യ, ആൻഡമാൻ ദ്വീപുകൾ എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്ത് ജാപ്പനീസ് സൈന്യം ഇന്ത്യയുടെ ദിശയിലേയ്‌ക്കു നീങ്ങിയതോടെ ജാപ്പനീസ് അധിനിവേശം എന്ന ഭീഷണി ഉയർന്നു. എന്നാൽ ഫാഷിസത്തിനെതിരെ ദീർഘകാലം പ്രചാരണം നടത്തിയിരുന്ന കോൺഗ്രസ്, പെട്ടെന്ന് അനുരഞ്ജനത്തിനു വഴങ്ങാൻ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മേൽ സമ്മർദം ചെലുത്തുന്നതിനായി, ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ ഇന്ത്യ വിടുക എന്ന ആവശ്യം ഉന്നയിച്ച് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ കമ്മ്യൂണിസ്റ്റുകാർ എതിർത്തു. ലോകത്ത് ഫാഷിസ്റ്റു ശക്തികൾ മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തിൽ ഇങ്ങനെയൊരു സമരത്തിനായുള്ള ആഹ്വാനം ഫാഷിസ്റ്റ് വിരുദ്ധ സഖ്യകക്ഷികളെ ദുർബലപ്പെടുത്തുമെന്നും അതിനാൽത്തന്നെ ഈ സമരം നിലവിലെ സാഹചര്യത്തിന് അനുയോജ്യമല്ലെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് നിലപാട്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ കൊളോണിയൽ നുകം പൊട്ടിച്ചെറിയാൻ വെമ്പൽ പൂണ്ടു നിൽക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് അതിനാൽത്തന്നെ രാജ്യത്ത് നിലനിന്നിരുന്ന പൊതുവികാരത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഈ നിലപാട് പുനരവലോകനം ചെയ്യുകയും ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രാജ്യത്തെ പൊതുവികാരത്തിനെതിരെ നിലകൊണ്ടത് ഗുരുതരമായ പിഴവായിരുന്നു എന്നു വിലയിരുത്തുകയും ചെയ്‌തു. അന്താരാഷ്‌ട്രതലത്തിൽ ഫാഷിസ്റ്റു വിരുദ്ധ ജനകീയ യുദ്ധത്തിന് പിന്തുണ നൽകുന്നതിനോടൊപ്പം തന്നെ, ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ഇന്ത്യൻ ജനതയുടെ ന്യായമായ ആവശ്യത്തെ പിന്തുണയ്‌ക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യേണ്ടിയിരുന്നത് എന്ന് സിപിഐ വിലയിരുത്തി.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ആവശ്യമുയർത്തിയ കോൺഗ്രസിന്റെ മിക്ക നേതാക്കളും ഉടനെ തന്നെ ജയിലിലടയ്‌ക്കപ്പെട്ടു. വലിയ തോതിൽ അടിച്ചമർത്തൽ ഉണ്ടാകുന്ന സാഹചര്യത്തെ നേരിടാനായി കോൺഗ്രസ് നേതൃത്വം തയ്യാറെടുത്തിരുന്നില്ല. ഇങ്ങനെയൊരു ഘട്ടത്തിൽ സമരം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെപ്പറ്റി കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നിർദേശങ്ങളും വന്നില്ല. ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തിന് എതിരായിരുന്നു നിലപാട് എങ്കിലും, കോൺഗ്രസ് നേതാക്കളെ ജയിലിൽ നിന്നും മോചിപ്പിക്കാനായി കമ്മ്യൂണിസ്റ്റുകാർ പ്രചാരണം നടത്തുകയും ദേശീയ ഐക്യ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

കമ്മ്യൂണിസ്റ്റുപാർട്ടിയുടെ മേൽ 1934-ൽ ഏർപ്പെടുത്തിയ നിരോധനം 1942 ജൂലൈയിൽ പിൻ‌വലിക്കപ്പെടുകയും ജയിലിലായിരുന്ന കമ്മ്യൂണിസ്റ്റുകാർ വിട്ടയയ്‌ക്കപ്പെടുകയും ചെയ്‌തു. യുദ്ധത്തിനിടെ 1943-44 കാലഘട്ടത്തിൽ ഉണ്ടായ ഭീകരമായ ബംഗാൾ ഭക്ഷ്യക്ഷാമം ബംഗാൾ, ഒറിസ്സ, ബിഹാർ, അസം എന്നിവിടങ്ങളിൽ മുപ്പത് ലക്ഷത്തിലധികം ജനങ്ങളുടെ മരണത്തിന് കാരണമായി. ദക്ഷിണേഷ്യയിൽ ജപ്പാനുമായുള്ള സഖ്യകക്ഷികളുടെ യുദ്ധത്തിന് വിഭവങ്ങൾ സമാഹരിക്കാനായി ബ്രിട്ടൻ ഇന്ത്യയിൽ നിന്നും വിഭവങ്ങൾ ഊറ്റിയെടുത്തതിന്റെ പരിണതഫലമായിരുന്നു ബംഗാൾ ക്ഷാമം. മനഃപൂർവം വിലക്കയറ്റമുണ്ടാക്കി സാധാരണ ജനങ്ങൾക്ക് അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ പറ്റാതാക്കുകയും അവ യുദ്ധാവശ്യങ്ങൾക്കായി തിരിച്ചുവിടുകയുമാണ് ബ്രിട്ടൻ ചെയ്‌തതെന്ന് സാമ്പത്തിക വിദഗ്‌ധയായ ഉട്സാ പട്നായിക് ചൂണ്ടിക്കാണിക്കുന്നു. അക്കാലത്ത് അവശ്യസാധനങ്ങൾ സമാഹരിക്കാനും സാധാരണ ജനങ്ങൾക്ക് അവ വിതരണം ചെയ്യാനും കമ്മ്യൂണിസ്റ്റുകാർ സജീവമായി മുന്നിട്ടിറങ്ങി.

ധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും പൂഴ്ത്തിവച്ച കച്ചവടക്കാർക്കും ജന്മികൾക്കുമെതിരെയും, ഇത്തരം ചൂഷകർക്ക് അനുകൂലമായ നിലപാടെടുത്ത ബ്രിട്ടീഷ് ഭരണത്തിന്റെ ജനവിരുദ്ധസ്വഭാവത്തെ തുറന്നുകാട്ടുന്നതിനായും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. യുവതികളെ മനുഷ്യക്കടത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി മഹിളാ ആത്മരക്ഷാ സമിതി രൂപീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘങ്ങൾ രൂപീകരിക്കുകയും സന്നദ്ധപ്രവർത്തകരെ സംഘടിപ്പിക്കുകയും ചെയ്‌ത് അവരെയെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. യുദ്ധത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറഞ്ഞ നിലപാട് എടുത്തിട്ടു പോലും ഇക്കാലത്തു ജനങ്ങൾക്കായി നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ സ്വതന്ത്ര ശക്തി കുറയാതെ നിലനിൽക്കുന്നതിനും ബഹുജനസമ്മതി വലിയ തോതിൽ വർദ്ധിക്കുന്നതിനും ഇടയാക്കി.

 

 

Caption: A page from Hungry Bengal (1945) by Chittaprosad. Copies of the book were seized and burnt by the British; this drawing is from the only surviving copy (reprinted in facsimile by DAG Modern, New Delhi, 2011). Chittaprosad's drawings on the Bengal Famine were published in the Communist Party of India's journal People's War, helping to intensify popular anger against the British colonial regime.

ചിത്തപ്രൊസാദിന്റെ വിശക്കുന്ന ബംഗാൾ (Hungry Bengal, 1945) എന്ന പുസ്‌തകത്തിൽനിന്നുള്ള ഒരേട്. ഈ പുസ്‌തകത്തിന്റെ പ്രതികൾ ബ്രിട്ടീഷ് സർക്കാർ പിടിച്ചെടുക്കുകയും കത്തിച്ചുകളയുകയും ചെയ്തു. പുസ്‌തകത്തിന്റെ അവശേഷിച്ച ഒരേയൊരു പ്രതി, DAG മോഡേൺ (ന്യൂ ഡെൽഹി) 2011-ൽ ഫാക്‌സിമിലി പ്രിന്റ് ആയി പുനഃപ്രസിദ്ധീകരിച്ചതിൽ നിന്നുമാണ് ഈ ചിത്രം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജേർ‌ണലായിരുന്ന People’s War-ൽ ബംഗാൾ ക്ഷാമത്തെപ്പറ്റിയുള്ള ചിത്തപ്രൊസാദിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് കോളനിഭരണത്തിനെതിരെയുള്ള ജനകീയ രോഷം ആളിക്കത്തിക്കുന്നതിന് ഇത് സഹായിച്ചു.

 

യുദ്ധാനന്തര മുന്നേറ്റങ്ങൾ

 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ  ഇന്ത്യയിൽ ബഹുജനസമരങ്ങളുടെ കൊടുങ്കാറ്റ് വീശിയടിച്ചു. അവയിൽ ഒട്ടനവധി സമരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ളവയായിരുന്നു. യുദ്ധകാലത്ത് ഇന്ത്യയിൽ പല പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയെടുത്ത ശക്തി ഇപ്പോൾ ബഹുജനമുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള ഇന്ധനമായി മാറി.

അമ്പത് ലക്ഷത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതും വർധിച്ച ജീവിതച്ചെലവും സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താനുള്ള ആഹ്വാനവും ഇന്ത്യയിൽ ശക്തമായ തൊഴിലാളിവർഗ സമരങ്ങൾക്ക് വഴിവച്ചു. 1946-ൽ നടന്ന പോസ്റ്റ് ഓഫിസ്, ടെലിഗ്രാഫ്, റെയിൽവേ ജീവനക്കാരുടെ വമ്പൻ സമരങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടവയാണ്.

1946 ഫെബ്രുവരിയിൽ നടന്ന ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ ജൂനിയർ ഓഫീസർമാരുടെ കലാപം ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. നാവികകലാപത്തിൽ പങ്കെടുത്ത ജൂനിയർ ഓഫീസർമാർ, സ്വാതന്ത്ര്യസമരത്തിൽ സജീവമായിട്ടുള്ള മറ്റു പാർട്ടികളുടെ കൊടികളോടൊപ്പം ചെങ്കൊടിയും ഉയർത്തി. അവർ ആയുധം കയ്യിലെടുക്കുകയും തങ്ങളുടെ ഉന്നതോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഐ ഈ കലാപത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 1946 ഫെബ്രുവരി 22-ന് പൊതുപണിമുടക്കിന് ആഹ്വാനം നൽകി. ഇന്ത്യയിലെമ്പാടും ലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കി; കച്ചവടക്കാർ തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ടു; വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. ഒടുവിൽ ഫെബ്രുവരി 23-ന് കലാപത്തിൽ പങ്കെടുത്ത നാവികർ കീഴടങ്ങി എങ്കിലും അവർക്കനുകൂലമായി കമ്മ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്ത പ്രചാരണം അവർ വലിയ ജനപിന്തുണ നേടാൻ കാരണമായി. ഈ ജനപിന്തുണ അവർ പൂർണമായി കൂട്ടക്കൊല ചെയ്യപ്പെടുന്നത് തടയാൻ സഹായിച്ചു.

ജന്മികൾ നടത്തുന്ന ചൂഷണത്തിനെതിരായി ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റുനേതൃത്വത്തിൽ വമ്പിച്ച കർഷകസമരങ്ങൾ വളർന്നു വന്നു. എല്ലായിടത്തും, നൂറ്റാണ്ടുകളായി ഇന്ത്യൻ ഗ്രാമീണജനത അനുഭവിക്കുന്ന പലതരത്തിലുള്ള സാമ്പത്തികവും സാമൂഹികവുമായ അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ പ്രക്ഷോഭങ്ങൾ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സായുധസമരങ്ങളായി മാറി. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ മുതൽ ബംഗാൾ, അസം, ത്രിപുര, കശ്‌മീർ എന്നിവിടങ്ങൾ വരെ കർഷകരായ സ്‌ത്രീകളും പുരുഷൻമാരും വലിയ തോതിൽ പ്രക്ഷോഭങ്ങളിൽ അണിനിരന്നു. ഈ മുന്നേറ്റങ്ങളിൽ കുലുങ്ങിയ ഭരണവർഗങ്ങൾ, സമരങ്ങളെ അടിച്ചമർത്താൻ ഭീകരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ കർഷകർ തങ്ങൾ ആവശ്യപ്പെട്ട അവകാശങ്ങളിൽ പലതും നേടിയെടുക്കുകയും ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുന്നതിന് ഇടയാക്കുകയും ചെയ്‌തു.

 

 

Caption: BT Ranadive, G Adhikari, and PC Joshi at a meeting of the Polit Bureau of the Communist Party of India at the CPI headquarters in Bombay, 1945. Credit: Sunil Janah / The Hindu Archives.

1945-ൽ ബോംബെയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആസ്ഥാനത്തുവച്ചു നടന്ന സിപിഐയുടെ ഒരു പോളിറ്റ് ബ്യൂറോ യോഗത്തിൽ ബി ടി രണദിവെ, ജി അധികാരി, പിസി ജോഷി എന്നിവർ.
സുനിൽ ജന / ദ് ഹിന്ദു ആർക്കൈവ്‌സ്.

 

തേഭാഗാ സമരം

 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ, ഓൾ ഇന്ത്യാ കിസാൻ സഭയുടെ കൊടിക്കൂറയ്‌ക്കുകീഴിൽ 1946 മുതൽ 1950 വരെ ബംഗാളിൽ നടന്ന വമ്പിച്ച കർഷകസമരമായിരുന്നു തേഭാഗാ സമരം. വിളവിന്റെ പകുതി പങ്കുകൃഷിക്കാർക്ക്  (sharecroppers) നൽകുകയും ബാക്കി ഭൂവുടമ കൈവശം വയ്‌ക്കുകയും ചെയ്യുന്ന രീതിയായിരുന്നു അവിടെ നിലവിലിരുന്നത്. കൃഷിക്കാർക്കു നൽകുന്ന പങ്ക് മൂന്നിൽ രണ്ടായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു തേഭാഗാ സമരം. വിളവിനെ മൂന്നായി വിഭജിച്ച് അതിൽ രണ്ട് ഭാഗം പങ്കുകൃഷിക്കാർക്ക് നൽകണമെന്നുമുള്ള ആവശ്യത്തെ സൂചിപ്പിക്കുന്ന “മൂന്നു പങ്ക്” എന്ന അർത്ഥമാണ് തേഭാഗാ എന്ന വാക്കിനുള്ളത്. കൽക്കട്ടയിലും ബംഗാളിന്റെ കിഴക്കൻ പ്രദേശത്തുള്ള നൊവാഖാലിയിലും വർഗീയകലാപങ്ങൾ നടക്കുന്ന സമയത്താണ് തേഭാഗാ സമരം അരങ്ങേറിയത്. എന്നാൽ വർഗസമരത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മഹത്തായ ഉദാഹരണമായി തേഭാഗാ സമരം നിലകൊണ്ടു — കിസാൻ സഭയ്‌ക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ വർഗീയകലാപങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. ഹിന്ദു, മുസ്ലിം, ആദിവാസി വിഭാഗങ്ങളിൽപ്പെട്ട സ്‌ത്രീകളും പുരുഷന്മാരുമായ 73 പേർ സമരത്തിനിടെ പൊലീസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ബംഗാളിലെ മുസ്ലിം ലീഗ് ഭരണകൂടം സമരത്തെ നിഷ്‌ഠൂരമായി അടിച്ചമർത്താൻ ശ്രമിച്ചിട്ടും തേഭാഗാ സമരം ആവശ്യപ്പെട്ട പ്രകാരം പങ്കുകൃഷിക്കാരുടെ അവകാശങ്ങൾ പല പ്രദേശങ്ങളിലും അംഗീകരിക്കപ്പെടുകയും നിലവിൽ വരികയും ചെയ്തു.

 

തെലങ്കാന സായുധസമരം

 

ഇന്ത്യയുടെ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർ നയിച്ചിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ് തെലങ്കാന സായുധ സമരം. ഹൈദരബാദിന്റെ ഭാഗമായിരുന്ന തെലുഗുഭാഷാ പ്രദേശമായ തെലങ്കാനയിലാണ് 1946-ൽ തുടങ്ങി 1951 വരെ നീണ്ടുനിന്ന ഈ പ്രക്ഷോഭം നടന്നത്. ബ്രിട്ടീഷ് കോളനിഭരണ കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിധേയത്വം പുലർത്തിക്കൊണ്ട് അതിനോട് സൈനികസന്ധിയിൽ ഏർപ്പെട്ട നൂറുകണക്കിന് പ്രദേശങ്ങൾ, നേരിട്ട് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ അല്ലാതെ ആശ്രിതരാജ്യങ്ങളായി നിലനിന്നിരുന്നു. നിസാം എന്നു സ്ഥാനപ്പേരുള്ള രാജാവിന്റെ ഭരണത്തിനു കീഴിലായിരുന്ന ഹൈദരബാദ് ഇത്തരത്തിലുള്ള ഒരു നാട്ടുരാജ്യമായിരുന്നു. നിസാമിന്റെ ഏകാധിപത്യഭരണത്തിനെതിരെയും ജന്മികളുടെ ഫ്യൂഡൽ ചൂഷണത്തിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച പ്രക്ഷോഭമാണ് തെലങ്കാന സമരം. അന്യായമായി പിരിക്കുന്ന ചുങ്കവും വെട്ടി സമ്പ്രദായവും (നിർബന്ധിതവേല) നിർത്തലാക്കണമെന്നും കർഷകർക്ക് അവർ കൃഷി ചെയ്യുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് മുന്നേറ്റം ശക്തമായതോടെ നിസാമിന്റെ സായുധ കൊലയാളി സംഘമായ റസാക്കാർമാരും പൊലീസും കമ്മ്യൂണിസ്റ്റുകാർക്കുനേരെ അഴിച്ചുവിട്ടുകൊണ്ടിരുന്ന അടിച്ചമർത്തലും അക്രമങ്ങളും കൊലപാതകങ്ങളും കൂടുതൽ ശക്തമായി. ഈ അതിക്രമങ്ങൾക്കെതിരെ സായുധചെറുത്തുനിൽപ്പ് ഉയർന്നുവന്നു. സായുധസമരം ഏറ്റവും ശക്തമായ ഘട്ടത്തിൽ 30 ലക്ഷം പേർ അധിവസിക്കുന്ന 3,000 ഗ്രാമങ്ങൾ സമരക്കാരുടെ നിയന്ത്രണത്തിലായിരുന്നു. സമരത്തിന്റെ ഫലമായി പത്തു ലക്ഷം ഏക്കർ ഭൂമി കർഷകർക്ക് വിതരണം ചെയ്തു. നിർബന്ധിതവേല നിർത്തലാക്കി. തൊഴിലാളികളുടെ ദിവസക്കൂലി വർദ്ധിപ്പിച്ചു; മിനിമം വേതനം നടപ്പാക്കി. ഈ ഗ്രാമങ്ങളിൽ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും മറ്റു സേവനങ്ങളും ജനങ്ങൾ തന്നെ സംഘടിപ്പിച്ച സമിതികൾ വഴി ലഭ്യമാക്കിയിരുന്നു.

കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള തെലങ്കാന സമരം അടിച്ചമർത്തുന്നതിനും നിസാമിനെ ഇന്ത്യൻ യൂണിയനിൽ ചേരാൻ നിർബന്ധിക്കുന്നതിനുമായി ഇന്ത്യയിലെ കോൺഗ്രസ് സർക്കാർ 1948 സെപ്‌റ്റംബർ 13-ന് ‘പൊലീസ് നടപടി’ ആരംഭിച്ചു. നിസാം കീഴടങ്ങുകയും ഹൈദരബാദ് ഇന്ത്യയിൽ ലയിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഹൈദരബാദ് പിടിക്കുക മാത്രമല്ല ഇന്ത്യൻ സർക്കാർ ചെയ്‌തത്. കർഷകസമരം അടിച്ചമർത്തുന്നതിനായി ഇന്ത്യൻ സൈന്യം ഗ്രാമങ്ങളിലേയ്‌ക്ക് മാർച്ച് ചെയ്‌തു. ജന്മിമാർക്കുവേണ്ടി ഭൂമി തിരിച്ചുപിടിക്കുന്നതിനായി ജന്മികളും നിസാമിന്റെ മുൻ പ്രദേശിക ഭരണാധികാരികളും (ദേശ്മുഖുമാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്) ഇന്ത്യൻ സൈന്യത്തോടും പൊലീസിനോടും ഒപ്പം ഗ്രാമങ്ങളിലേയ്‌ക്ക് തിരികെയെത്തി. പലയിടങ്ങളിലും ജനങ്ങൾ വിജയകരമായി ചെറുത്തു നിന്നു. നാലായിരത്തോളം കമ്മ്യൂണിസ്റ്റുകാരും കർഷകപ്പോരാളികളും തെലങ്കാന സമരത്തിനിടെ രക്തസാക്ഷിത്വം വരിച്ചു. പതിനായിരത്തിലധികം പേർ മൂന്നുമുതൽ നാലുവരെ വർഷങ്ങൾ തടങ്കൽ പാളയങ്ങളിലും ജയിലുകളിലും പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്‌തു.

 

Caption: Mallu Swarajyam (left) and other members of an armed squad during the Telangana armed struggle (1946-1951). Credit: Sunil Janah / Prajasakti Publishing House.

തെലങ്കാന സായുധസമരത്തിനിടെ (1946-1951) മല്ലു സ്വരാജ്യവും (ഇടത്തേയറ്റം) മറ്റംഗങ്ങളും ഉൾപ്പെടുന്ന സായുധപോരാളികളുടെ ഒരു സംഘം.
സുനിൽ ജന / പ്രജാശക്തി പബ്ലിഷിംഗ് ഹൗസ്.

 

പുന്നപ്ര-വയലാർ സമരം

 

ഇന്നത്തെ ആലപ്പുഴ ജില്ലയിലെ രണ്ട് ഗ്രാമങ്ങളായ പുന്നപ്രയും വയലാറും 1946-ൽ തിരുവിതാംകൂർ മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ ദിവാന്റെയും (പ്രധാനമന്ത്രി) സ്വേച്‌ഛാധിപത്യഭരണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറി. ഹൈദരബാദിനെപ്പോലെ തന്നെ തിരുവിതാംകൂറും ഒരു നാട്ടുരാജ്യമായിരുന്നു. ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു തിരുവിതാംകൂർ ഭരണാധികാരികളുടെ ശ്രമം. ഇന്ത്യ സ്വീകരിച്ച പാർലമെന്ററി സംവിധാനത്തിൽ നിന്നും വ്യത്യസ്‌തമായി എക്‌സിക്യുട്ടിവ് അധികാരങ്ങളുള്ള പ്രസിഡന്റ് സ്ഥാനത്തോടു കൂടിയ ‘അമേരിക്കൻ മോഡൽ’ ആയിരുന്നു തിരുവിതാംകൂർ ഭരണാധികാരികൾ നടപ്പിലാക്കാൻ ആഗ്രഹിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭയോട് ഉത്തരവാദിത്വമുള്ള സർക്കാർ എന്ന ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് അമേരിക്കൻ മോഡൽ കൊണ്ട് വരാനുള്ള തിരുവിതാംകൂർ ഭരണാധികാരികളുടെ തീരുമാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളിവർഗ മുന്നേറ്റത്തിന് വഴിതെളിച്ചു.

തൊഴിലാളികളും സായുധ പൊലീസും തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടന്നു. 1946 ഒക്ടോബർ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തിരുവിതാംകൂർ ദിവാൻ അപമാനിതനായി നാടു വിട്ടു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ ജനാധിപത്യ സർക്കാർ എന്ന ആവശ്യം നിറവേറുകയും ചെയ്‌തു. മലയാളഭാഷാ പ്രദേശങ്ങൾ — അതായത്, നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി എന്നിവയും, നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലയും — കൂട്ടിച്ചേർത്ത് ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരള സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പ്രക്രിയയ്‌ക്കും പുന്നപ്ര-വയലാർ സമരം ആക്കം കൂട്ടി.

 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ ഭിന്നതകൾ

 

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു. കമ്മ്യൂണിസ്റ്റുകാർ തീവ്രമായി എതിരിട്ട കൊളോണിയൽ ഭരണം ഇനിയില്ല. ഇന്ത്യക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. പക്ഷെ എന്താണ് പുതിയ ഭരണകൂടത്തിന്റെ സ്വഭാവം? ആരാണ് പുതിയ ഭരണകർത്താക്കൾ? ഇന്ത്യൻ ഭരണകൂടം ഒരു കൊളോണിയൽ ശക്തിയുടെ കളിപ്പാവയാണോ, അതോ ഇന്ത്യൻ ഭരണവർഗങ്ങളുടെ പിന്തുണയിൽ വേരൂന്നിയ സ്വതന്ത്രമായ ഒന്നാണോ? പുതിയ പശ്ചാത്തലത്തിൽ ഏതൊക്കെയാണ് ഇന്ത്യയിലെ ഭരണവർഗങ്ങൾ? പുതിയ ഭരണകൂടവുമായും ഭരണവർഗങ്ങളുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏതു രീതിയിലാണ് ഇടപെടേണ്ടത്? പുതിയ ഭരണാധികാരികളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം സ്ഥാപിക്കുകയും സഖ്യത്തിൽ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ടോ? അതോ ഭരണകൂടത്തെ അട്ടിമറിക്കാൻ ഒരു സായുധസമരത്തിൽ ഏർപ്പെടുകയാണോ വേണ്ടത്? ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുടരേണ്ടത് ‘റഷ്യൻ പാത’യാണോ ‘ചൈനീസ് പാത’യാണോ? അതോ ഒരു ഇന്ത്യൻ പാത ഉണ്ടോ? ഇവയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ പുകഞ്ഞു തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ പിന്നീട് പ്രസ്ഥാനത്തിനുള്ളിൽ വിവിധ ധാരകൾ വളർന്നുവരുന്നതിനു കാരണമായി.

1950-കളുടെ പകുതിയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യാസർക്കാരിന്റെ നയങ്ങളെ എങ്ങനെ വിലയിരുത്തണം എന്നതായിരുന്നു അടിയന്തിരപ്രാധാന്യമുള്ള ചോദ്യം. താരതമ്യേന സ്വതന്ത്രമായ ഒരു വിദേശ നയമാണ് സർക്കാർ സ്വീകരിച്ചത്. സാമ്പത്തിക ആസൂത്രണം നടപ്പിലാക്കാനുള്ള പ്രക്രിയയ്‌ക്ക് സർക്കാർ തുടക്കം കുറിച്ചു. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുക പോലുമുണ്ടായി. സിപിഐയിലെ ഒരു വിഭാഗം, കോൺഗ്രസിനകത്തെ ജവാഹർലാൽ നെഹ്രു പ്രതിനിധീകരിക്കുന്ന ഇടതുവിഭാഗത്തോട് ചേർന്നു പ്രവർത്തിക്കണം എന്ന് അഭിപ്രായപ്പെട്ടു. കോൺഗ്രസിനുള്ളിലെ ഈ വിഭാഗം ദേശീയ ബൂർഷ്വാസിയെ പ്രതിനിധാനം ചെയ്യുന്നുവെന്നും സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനുമെതിരെയാണ് ഇവർ നിലകൊള്ളുന്നത് എന്നുമായിരുന്നു സിപിഐയ്‌ക്കുള്ളിലെ മേൽപ്പറഞ്ഞ പക്ഷത്തിന്റെ വാദം.

ഈ തർക്കങ്ങൾ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രണ്ടായി പിളരുന്നതിലേയ്‌ക്ക് നയിച്ചു. കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ എതിർത്ത വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അഥവാ സിപിഐ(എം) രൂപീകരിക്കുകയും മറുപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആയി തുടരുകയും ചെയ്‌തു.

സായുധസമരത്തിന്റെ ആവശ്യകതയിൽ ഊന്നിയ മറ്റൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാർ 1969-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അഥവാ സിപിഐ(എംഎൽ) രൂപീകരിച്ചു.

 

ഇടതു സർക്കാരുകൾ

 

സംസ്ഥാന തലത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ രൂപീകരണത്തോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയതും പ്രധാനപ്പെട്ടതുമായ ഒരു ഘട്ടത്തിലേയ്‌ക്ക് പ്രവേശിച്ചു.

ഇന്ത്യ, വിവിധങ്ങളായ ഭാഷാദേശീയതകൾ ഒത്തുചേരുന്ന ഒരു രാജ്യമാണ്. ഒരു രാഷ്‌ട്രീയവ്യവസ്ഥ എന്നനിലയിൽ ഇന്ത്യ പ്രധാനമായും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത് — ഉദാഹരണത്തിന്, ബംഗാളി ഭാഷ സംസാരിക്കുന്നവർക്കായി പശ്‌ചിമബംഗാൾ, തമിഴ് സംസാരിക്കുന്നവർക്കായി തമിഴ്‌നാട് എന്നിങ്ങനെ. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സുപ്രധാനമായ പങ്കുവഹിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിലും ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ വിഭജനം യുക്തിപൂർവമായിരുന്നില്ല; എന്നാണ്, എങ്ങനെയാണ് ഈ പ്രദേശങ്ങളെ ബ്രിട്ടീഷുകാർ കീഴടക്കിയത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനങ്ങളുടെ വിഭജനം. ഇതിന്റെ ഫലമായി പ്രാദേശികമല്ലാത്ത ഭാഷകൾ വിവിധ പ്രദേശങ്ങളിലെ നാട്ടുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥയുണ്ടായി. വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്‌ട്രീയവുമാ‍യ മേഖലകളിൽ ഭാഗഭാക്കാവുന്നതിൽ ഇത് ജനങ്ങൾക്ക് തടസ്സം സൃഷ്‌ടിച്ചു. വിശാലമായ ഇന്ത്യൻ ദേശീയതയുടെ ഐക്യത്തിനുള്ളിൽ അനേകം ഭാഷാ-സാംസ്‌കാരിക സമൂഹങ്ങളാൽ നിർമിക്കപ്പെട്ട വിവിധ ദേശീയതകൾ ഒത്തുചേരുന്നതാണ് ഇന്ത്യ എന്ന ബഹുദേശ രാഷ്‌ട്രം. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി കമ്മ്യൂണിസ്റ്റുകാർ വാദിച്ചത്. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള മുന്നേറ്റങ്ങൾക്ക് പ്രേരകശക്തികളായ സമരങ്ങളിൽ പ്രധാനപ്പെട്ടവയായിരുന്നു തെലങ്കാന സമരവും പുന്നപ്ര-വയലാർ പ്രക്ഷോഭവും.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പും ശേഷവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കർഷകരെ വിജയകരമായി സംഘടിപ്പിച്ചതിന്റെ ഫലമായി, ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ചിലതിൽ തെരഞ്ഞെടുപ്പുകൾ വിജയിക്കാനും സർക്കാരുകൾ രൂപീകരിക്കാനുമുള്ള ശക്തി കമ്മ്യൂണിസ്റ്റുകാർ ആർജ്ജിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ഭരണം സ്ഥാപിക്കാൻ തെരഞ്ഞെടുപ്പുവിജയങ്ങൾ മാത്രം മതിയാകില്ല എന്നത് വ്യക്തമായിരിക്കേ തന്നെ, സംസ്ഥാനതലത്തിൽ സർക്കാരുകളെ നയിക്കുക വഴി ബദൽ നയങ്ങൾ നടപ്പിലാക്കിക്കാണിക്കാനും ജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടികൾ സ്വീകരിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് സാധിച്ചു. കൂടാതെ, തെരഞ്ഞെടുപ്പു പ്രക്രിയ ജനങ്ങളുടെ രാഷ്രീയാവബോധം ഉയർത്തുന്നതിനുള്ള അവസരമായി ഉപയോഗിക്കാനും സാധിച്ചു.

 

 

Caption: Members of the Samyukta Maharashtra Samiti headed by communist leader SS Mirajkar (third from right, wearing dark glasses) who was then the Mayor of Bombay, demonstrating before the Parliament House in New Delhi, 1958. Credit: The Hindu Archives.

ഭാഷാടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോംബെയിലെ അന്നത്തെ മേയറും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എസ്എസ് മീരജ്കറുടെ (കറുത്ത കണ്ണട ധരിച്ചയാൾ; വലതു നിന്ന് മൂന്നാമത്) നേതൃത്വത്തിൽ സംയുക്ത മഹാരാഷ്‌ട്ര സമിതി അംഗങ്ങൾ പാർലമെന്റിനു മുമ്പിൽ പ്രകടനം നടത്തുന്നു. ന്യൂ ഡെൽഹി, 1958.
ദ്ഹിന്ദു ആർക്കൈവ്‌സ്.

 

കേരളം

 

ആന്ധ്ര പ്രദേശിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്ന ശ്രമത്തിൽ തിരിച്ചടി നേരിട്ടതിനു ശേഷം ചരിത്രം തിരുത്തിക്കുറിച്ച ഒരു വിജയമുണ്ടായി — കേരളത്തിലായിരുന്നു അത്. മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1956-ലാണ് കേരളസംസ്ഥാനം രൂപീകരിച്ചത്. 1957-ൽ നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിജയം നേടി. ഇഎംഎസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി 1957 ഏപ്രിൽ 5-ന് സത്യപ്രതിജ്ഞ ചെയ്‌തു.

ഉജ്ജ്വലമായ തൊഴിലാളി മുന്നേറ്റങ്ങളുടെയും കർഷക സമരങ്ങളുടെയും ചിറകിലേറിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയത്. കൊള്ളപ്പാട്ടവും കൊള്ളപ്പിരിവുകളും കുടിയിറക്കലും സാമൂഹിക ഉച്ചനീചത്വങ്ങളും വ്യാപകമായിരുന്ന ജന്മിസമ്പ്രദായത്തിനെതിരെ കമ്മ്യൂണിസ്റ്റുകാർ ദശാബ്‌ദങ്ങൾ നീണ്ട കർഷകസമരങ്ങൾ നയിച്ചിരുന്നു.  1940-കളിൽ പ്രത്യേകിച്ചും കയ്യൂർ, കരിവെള്ളൂർ, ഒഞ്ചിയം തുടങ്ങി മലബാറിലും കേരളത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള നിരവധി പ്രദേശങ്ങൾ മണ്ണിനും ഭക്ഷണത്തിനും വേണ്ടിയുള്ള കർഷകപ്പോരാളികളുടെ ത്യാഗഭരിതമായ സമരങ്ങൾക്കും രക്തസാക്ഷിത്വങ്ങൾക്കും വേദിയായിരുന്നു. അതിനാൽത്തന്നെ കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയിൽ ഭൂപരിഷ്ക‌രണത്തിന് മുന്തിയ സ്ഥാനമാണുണ്ടായിരുന്നത്. 1957-ൽ അധികാരത്തിൽ വന്നതിന്റെ ആറാം ദിവസം കുടിയാന്മാരായ കൃഷിക്കാരെ (tenant farmers) അവർ കൃഷി ചെയ്‌തിരുന്ന ഭൂമിയിൽ നിന്നും ഒഴിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഓർഡിനൻസ് കൊണ്ടുവന്നു. ഭൂപരിഷ്കരണം നടപ്പാക്കുന്നതിനായി കേരള കാർഷികബന്ധ ബില്ല് അവതരിപ്പിച്ചു. ഭൂമിയിൽ പണിയെടുക്കുന്ന കർഷകർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകുക, മര്യാദപ്പാട്ടം (അതായത്, ന്യായമായ നിരക്കിലുള്ള പാട്ടം മാത്രം) നിശ്ചയിക്കുക, കൈവശം വയ്‌ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുക, തങ്ങൾ കൃഷി ചെയ്യുന്ന ഭൂമി വാങ്ങുന്നതിന് കുടിയാന്മാർക്ക് അവകാശം നൽകുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ.

വിദ്യാഭ്യാസമേഖലയ്‌ക്കായി സർക്കാർ നീക്കിവയ്‌ക്കുന്ന തുക കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വലിയ തോതിൽ വർദ്ധിപ്പിച്ചു. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായും അത്തരം സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ മേൽനോട്ടം കൊണ്ടുവരുന്നതിനായും സർക്കാ‍ർ വിദ്യാഭ്യാസപരിഷ്കാരങ്ങൾ നടപ്പിലാക്കി. പൊതു ആരോഗ്യ സംവിധാനം വിപുലീകരിക്കുകയും പാവപ്പെട്ടവർക്ക് താങ്ങാവുന്ന നിരക്കിൽ അരി വിതരണം ചെയ്യുന്നതിനായി ന്യായവില ഷോപ്പുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയും ചെയ്തു.

ഭൂപരിഷ്കരണ നടപടികൾ ജന്മികളെ പിടിച്ചുലച്ചു. വിദ്യാഭ്യാസപരിഷ്കാരങ്ങളാകട്ടെ, അനേകം സ്വകാര്യസ്‌കൂളുകൾ നടത്തിയിരുന്ന കത്തോലിക്കാ സഭയുടെ നേതൃത്വത്തിന്റെ എതിർപ്പിനു പാത്രമാവുകയും ചെയ്‌തു. കത്തോലിക്കാ സഭയും ജന്മിതാത്‌പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രബലജാതി സംഘടനകളും കോൺഗ്രസുമായി കൈകോർത്ത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ എതിർത്തു. ‘വിമോചന സമരം’ എന്ന പേരിൽ അവർ പ്രക്ഷോഭം ആരംഭിച്ചു. ഈ അവസരം മുതലാക്കി കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ 1959-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ ഭൂപരിഷ്കരണ നിയമത്തിൽ വെള്ളം ചേർത്തു. എങ്കിലും 1967-69 ലെ ഇടതുസർക്കാർ സ്വീകരിച്ച നിയമ-ഭരണ നടപടികളും 1970-ന്റെ ആദ്യ പകുതിയിൽ സിപിഐ(എം)-ന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ ഭൂപരിഷ്‌കരണ നടപടികൾ നടപ്പിലാകുന്നതിന് ഇടയാക്കി. ഭൂപരിഷ്‌കരണം പിന്നീട് ഏറെ വർഷങ്ങൾ നീണ്ടുനിന്ന ഒരു പ്രക്രിയയായി തുടർന്നു.

1993-ഓടെ 28 ലക്ഷം പാട്ടക്കുടിയാന്മാരായ കർഷകർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കുകയോ അവർക്ക് ഭൂമിയുടെ മേലുള്ള അവകാശം സംരക്ഷിക്കപ്പെടുകയോ ചെയ്‌തു. ആറു ലക്ഷം ഹെക്‌ടർ ഭൂമി ഭൂപരിഷ്കരണ നടപടികളുടെ ഭാഗമായി ഈ കർഷകർക്ക് ലഭിച്ചു. ഭൂരഹിതരായ 5,28,000 കർഷകത്തൊഴിലാളികൾക്ക് 1996-നകം കുടികിടപ്പു ഭൂമി ലഭിച്ചു.

കേരളത്തിലെ ഭൂപരിഷ്‌കരണം പ്രബലജാതികളുടെ നേതൃത്വത്തിലുള്ള ജന്മിസമ്പ്രദായത്തിന്റെ നട്ടെല്ലൊടിച്ചു. അത് വളരെ വലിയ വിഭാഗം കർഷകരുടെ ജീവിതനിലവാരം ഉയർത്തുകയും കർഷകത്തൊഴിലാളികളുടെ വിലപേശൽശക്തി വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്‌തു.

വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും നടത്തിയ പൊതുനിക്ഷേപം സാക്ഷരതയിലും ആരോഗ്യസൂചകങ്ങളിലും വലിയ കുതിച്ചുചാട്ടങ്ങൾക്കിടയാക്കി. 1970-കളുടെ മധ്യം മുതലുള്ള അക്കാദമിക് പഠനങ്ങൾ ഈ മുന്നേറ്റങ്ങൾ അടയാളപ്പെടുത്തിത്തുടങ്ങിയതോടെ ‘കേരള മാതൃക’ (Kerala Model) എന്ന സങ്കൽ‌പനം പ്രചാരത്തിലായിത്തുടങ്ങി. കേരള മാതൃകയുടെ അടിസ്ഥാന ആശയങ്ങൾ ഇവയാണ്: (1) ഒരു പ്രദേശത്തെ അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും പ്രയോജനകരമാകുന്ന രീതിയിൽ അവരുടെ ഭൗതിക ജീവിതസാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് ആ പ്രദേശം അല്ലെങ്കിൽ രാജ്യം സമ്പന്നമാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. (2) ഇത്തരം മാറ്റങ്ങൾ സമൂഹത്തിൽ സാധ്യമാക്കാനായി സമ്പത്തിന്റെ പുനർവിതരണവും മറ്റു നടപടികളും സ്വീകരിക്കാൻ സർക്കാരുകളെ നിർബന്ധിതരാക്കാൻ പൊതുജനങ്ങളുടെ കൂട്ടായ പ്രവർത്തനം വഴി സാധിക്കും.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുമുള്ള സംസ്ഥാനമാണ് കേരളം. തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനനിരക്കും ഏറ്റവും വ്യാപകമായ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും ഉള്ള സംസ്ഥാനം കൂടിയാണ് കേരളം — സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ശക്തിയാണ് തൊഴിലാളികളുടെ ജീവിതനിലവാരം വലിയതോതിൽ ഉയർത്തിയ ഈ നേട്ടങ്ങൾ സാധ്യമാക്കിയ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

 

 

Caption: EMS Namboodiripad (right) taking oath as the first Chief Minister of Kerala. Thiruvananthapuram, 5 April 1957. Credit: Rajan Poduval / The Hindu Archives.

ഇഎംഎസ് നമ്പൂതിരിപ്പാട് (വലതുവശത്ത്) കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. തിരുവനന്തപുരം, 1957 ഏപ്രിൽ 5.
രാജൻ പൊതുവാൾ / ദ്ഹിന്ദു ആർക്കൈവ്‌സ്.

 

പശ്ചിമ ബംഗാൾ

 

ഇന്ത്യയിൽ ബ്രിട്ടീഷ് കോളനിഭരണത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിച്ച പ്രവിശ്യകളിലൊന്നാണ് ബംഗാൾ. ദശലക്ഷക്കണക്കിന് ബംഗാളികൾ കോളനിഭരണം വരുത്തിവച്ച ക്ഷാമങ്ങളിൽ മരിച്ചുവീണു. രാജ്യത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട കർഷകരുടെ വിഭാഗത്തിലാണ് ബംഗാളിലെ കർഷകർ ഉൾപ്പെട്ടിരുന്നത്. സ്വാതന്ത്ര്യലബ്‌ധിക്കൊപ്പം നടന്ന വിഭജനത്തോടെ ഇന്ത്യ, പാക്കിസ്‌താൻ എന്നീ രണ്ടു രാജ്യങ്ങൾ നിലവിൽ വന്നു. ലക്ഷക്കണക്കിനു പേർ വർഗീയകലാപങ്ങളിൽ കൊല്ലപ്പെട്ടു. ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വവും വർഗീയവിദ്വേഷത്തിൽ നിന്നും മുതലെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ചില രാഷ്‌ട്രീയ സംഘടനകളും ഊതിക്കത്തിച്ച മതസ്‌പർദ്ധയാണ് ഈ കലാ‍പങ്ങൾക്കിടയാക്കിയത്. പാക്കിസ്‌താനിൽ നിന്നും ഇന്ത്യയിലേയ്‌ക്കും തിരിച്ചും അഭയാർത്ഥികളുടെ ഭീമൻ പ്രവാഹമുണ്ടായി. ബംഗാൾ രണ്ടായി വിഭജിക്കപ്പെടുകയും കിഴക്കൻ ബംഗാൾ പാക്കിസ്‌താനിൽ ചേരുകയും ചെയ്‌തു. വർഗീയകലാപങ്ങൾ തടയാനുള്ള ശ്രമങ്ങളിൽ ബംഗാളിലെ കമ്മ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങി. അഭയാർത്ഥികൾക്ക് പാർപ്പിടവും വോട്ടവകാശവും ലഭിക്കുന്നതിനായി അവർ പോരാടി.

ബംഗാൾ ക്ഷാമകാലത്ത് കമ്മ്യൂണിസ്റ്റുകാർ വ്യാപകമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1950-കളിൽ അവർ നയിച്ച ഭക്ഷ്യസമരത്തിന്റെ ഭാഗമായി നടന്ന പട്ടിണി ജാഥകളിൽ (ബംഗാളി ഭാഷയിൽ ‘ഭൂഖാ മിഛിൽ’) പങ്കെടുക്കാൻ പാവപ്പെട്ട ഗ്രാമീണർ കൽക്കട്ടയിലെ തെരുവുകളിലേയ്‌ക്കൊഴുകിയെത്തി. ഈ പ്രവർത്തനങ്ങളെല്ലാം പാവപ്പെട്ട ജനങ്ങൾ വലിയ സംഖ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു പിന്നിൽ അണിനിരക്കുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചു.

തേഭാഗാ സമരത്തിന്റെ അവസാനഘട്ടങ്ങളിൽ മുന്നോട്ടുവയ്‌ക്കപ്പെട്ട ആവശ്യങ്ങളിൽ ഭൂപരിഷ്കരണവും ഉൾപ്പെട്ടിരുന്നു. പങ്കുകൃഷിക്കാരെ (ബംഗാളി ഭാഷയിൽ ബർഗാദാർ എന്നു വിളിക്കുന്ന sharecroppers) അവരുടെ ഭൂമിയിൽ നിന്നും കുടിയിറക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കിസാൻ സഭ പോരാട്ടങ്ങൾ നയിക്കുന്നതിന് 1950-കൾ സാക്ഷിയായി.

കമ്മ്യൂണിസ്റ്റുകാരുടെ വർദ്ധിതമായ ശക്തി തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു. സിപിഐ(എം)-ഉം സിപിഐ-യും 1967-1969-ലും 1969-1970-ലും അധികാരത്തിലുണ്ടായിരുന്ന ഐക്യമുന്നണി സർക്കാരുകളുടെ ഭാഗമായി. 1977-ൽ സിപിഐ(എം)-ഉം സിപിഐ-യും മറ്റു ചില ഇടതുപാർട്ടികളും അടങ്ങിയ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിലേറി. സിപിഐ(എം) നേതാവായ ജ്യോതി ബസു മുഖ്യമന്ത്രിയായി. തുടർച്ചയായ 34 വർഷക്കാലം കമ്മ്യൂണിസ്റ്റുകാർ പശ്ചിമബംഗാളിലെ സംസ്ഥാനസർക്കാരിന് നേതൃത്വം നൽകി.

ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച ഭൂപരിഷ്കരണ നടപടികൾ ഇടതുമുന്നണി സർക്കാർ മുന്നോട്ടു കൊണ്ടുപോയി. ‘ഓപ്പറേഷൻ ബർഗ’ നടപ്പാക്കുക വഴി ഇടതുസർക്കാർ പങ്കുകൃഷിക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തി. ഇതുപ്രകാരം വിളവിന്റെ ന്യായമായ പങ്ക് പങ്കുകൃഷിക്കാർക്കു ലഭിച്ചു തുടങ്ങി. ഭൂവുടമയ്‌ക്ക് ലഭിക്കുന്ന പങ്കിന് പങ്കുകൃഷിക്കാർക്ക് രസീതി കൊടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ഭൂമിയിൽ തങ്ങളുടെ അവകാശം തെളിയിക്കുന്നതിനായി പങ്കുകൃഷിക്കാർക്ക് ഈ രസീതി ബാങ്കുകളിൽ ഉപയോഗിക്കാൻ കഴിയും എന്ന സ്ഥിതി വന്നു. ഒരു നിശ്ചിത പരിധിക്കു മുകളിലുള്ള കൈവശഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും അത് പുനർവിതരണം ചെയ്യുകയും ചെയ്‌തു.

ഇന്ത്യയിൽ ഭൂവിതരണ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ള മുഴുവൻ പേരെയുമെടുത്താൽ അതിൽ 50 ശതമാനത്തിലേറെപ്പേർ പശ്ചിമ ബംഗാളിലാണ് എന്നത് തിരിച്ചറിയുമ്പോൾ ഇടതുമുന്നണിയുടെ ഭൂപരിഷ്‌കരണ പരിപാടിയുടെ വലിപ്പം മനസ്സിലാകും. 2008-ഓടേ 29 ലക്ഷത്തിലധികം പേർക്ക് ഭൂവിതരണ പരിപാടികളുടെ ഭാഗമായി കൃഷിഭൂമി ലഭിച്ചു. 15 ലക്ഷത്തിലധികം പങ്കുകൃഷിക്കാരുടെ ഭൂമി രെജിസ്റ്റർ ചെയ്‌ത് ഭൂമിക്കുമേലുള്ള അവരുടെ അവകാശം സംരക്ഷിക്കപ്പെട്ടു. 5.5 ലക്ഷത്തിലധികം പേർക്ക്  കുടികിടപ്പുഭൂമി ലഭിച്ചു. ബംഗാളിൽ കൃഷിഭൂമി ലഭിച്ചവരിൽ 55 ശതമാനത്തിലധികവും ഇന്ത്യയിൽ ഏറ്റവും ദരിദ്രവിഭാഗങ്ങളായ ദളിത്, ആദിവാസി സമുദായങ്ങളിൽപ്പെട്ടവരാണ് എന്നതും ശ്രദ്ധേയമാണ്.

പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ ഒരു പ്രധാന നേട്ടം, കാർഷികമേഖലയിലും അതുവഴി ഗ്രാമീണജനതയുടെ ഉപജീവനത്തിലും ഉണ്ടായ ഉണർവാണ്. ജലസേചനം ഉൾപ്പെടെയുള്ള ഗ്രാമീണവികസന പദ്ധതികൾക്കായുള്ള പൊതുനിക്ഷേപം വലിയ തോതിൽ വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി കൃഷിഭൂമിയിൽ വർഷം ഒരു വിള മാത്രം ഉത്പാദിപ്പിക്കാൻ സാധിക്കുന്നതിൽ നിന്നു മാറി വർഷം മൂന്നുവിളകൾ വരെ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന സാഹചര്യം ധാരാളം പ്രദേശങ്ങളിലുണ്ടായി. കൃഷിഭൂമിയുടെ മേൽ അവകാശം ലഭിച്ചത് ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ സ്വന്തമായി നിക്ഷേപം നടത്താൻ കർഷകർക്ക് പ്രോത്സാഹനമായി. ഇതിന്റെയെല്ലാം ഫലമായി പശ്ചിമബംഗാളിലെ കാർഷികവളർച്ച ഉയർന്നു. രാജ്യത്ത് അരിയുടെ ഏറ്റവും വലിയ ഉത്പാദകരായി സംസ്ഥാനം വളർന്നു.

ഇടതുമുന്നണി സർക്കാരുകൾ നടപ്പിലാക്കിയ ജനാധിപത്യ വികേന്ദ്രീകരണപ്രക്രിയ പശ്ചിമബംഗാളിലെ ഗ്രാമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രാമ പഞ്ചായത്തുകൾ രൂപീകരിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാദേശികമായി തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം അവയ്‌ക്ക് നൽകുകയും ചെയ്തു. സംസ്ഥാനസർക്കാരിന്റെ ഫണ്ടിൽ നിന്നും ഗണ്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചു. വലിയ ഭൂവുടമകളുടെയും പഴയ ജന്മിമാരുടെയും പണമിടപാടുകാരുടെയും മേധാവിത്വം ഗണ്യമായി കുറയ്‌ക്കുക വഴി ഗ്രാമങ്ങളിലെ വർഗശക്തികളുടെ ബലാബലം കർഷകർക്കനുകൂലമായി മാറ്റിമറിക്കുന്നതിന് ഈ പരിഷ്കാരങ്ങൾ ഇടയാക്കി. പഞ്ചായത്തംഗങ്ങളിൽ ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യം, ജനസംഖ്യയിലുള്ള ഈ വിഭാഗങ്ങളുടെ അനുപാതത്തെക്കാളധികമായി ഉയർന്നു.

 

Caption: Communist leader Jyoti Basu (sixth from the left in the front row; no glasses), who later became the Chief Minister of West Bengal, at a Bhukha Michhil (’procession of the hungry’), during the Food Movement of 1959. Credit: Ganashakti

കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ജ്യോതി ബസു (മുൻനിരയിൽ ഇടത് നിന്ന് ആറാമത്; കണ്ണട ധരിക്കാത്തയാൾ), 1959-ലെ ഭക്ഷ്യസമരത്തിന്റെ ഭാഗമായി നടന്ന ഒരു പട്ടിണി ജാഥയിൽ.
ഗണശക്തി.

 

ത്രിപുര

 

ത്രിപുരയിൽ 1948-ലാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ ഗണമുക്തി പരിഷദ് അഥവാ ജനകീയ വിമോചന പരിഷത്ത് രൂപീകരിക്കുന്നത്. നിർബന്ധിതവേല, കൊള്ളപ്പലിശ തുടങ്ങി ഗോത്രജനത നേരിട്ടിരുന്ന പ്രധാനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗണമുക്തി പരിഷദ് സമരങ്ങൾ നയിച്ചു.

1947-ൽ ഇന്ത്യയുടെ വിഭജനത്തിനു ശേഷം കിഴക്കൻ പാക്കിസ്‌താനിൽനിന്നുള്ള (ഇന്നത്തെ ബംഗ്ളാദേശ്) അഭയാർത്ഥികളുടെ ഒഴുക്കിന് ത്രിപുര സാക്ഷ്യം വഹിച്ചു. കിഴക്കൻ പാക്കിസ്‌താനിലെ രാഷ്‌ട്രീയ അസ്വസ്ഥതകളും വർഗീയ സംഘർഷങ്ങളും കാരണം അഭയാർത്ഥികളുടെ വരവ് 1950-കളിലും 1960-കളിലും തുടർന്നു. ഈ കുടിയേറ്റം ത്രിപുരയിലെ ഗോത്രജനതയെയും അവരുടെ ഭൂമിയെയും സാരമായ രീതിയിൽ ബാധിച്ചു. ത്രിപുരയിൽ ഇടതുമുന്നണി അധികാരത്തിൽ വരുന്നതിനു മുമ്പുള്ള കാലത്തെ സംസ്ഥാന സർക്കാരുകൾ അഭയാർത്ഥികളുടെ ജീവിതസാഹചര്യങ്ങളുടെ കാര്യത്തിൽ നിസ്സംഗത പാലിച്ചു.

1950-കളിലും 1960-കളിലും കമ്മ്യൂണിസ്റ്റുകാരും ഗണമുക്തി പരിഷദ്ദും നേതൃത്വം നൽകിയ രാഷ്‌ട്രീയ പോരാട്ടങ്ങൾ, ഗോത്രവർഗക്കാരുടെ ഭൂമി സംരക്ഷിക്കുന്നതിനായും അഭയാർത്ഥികളുടെ പുനരധിവാസത്തിനായും ഗോത്രവർഗക്കാരായ പങ്കുകൃഷിക്കാരെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനായും ആവശ്യങ്ങൾ ഉയർത്തി. ഗോത്രവർഗക്കാരും അല്ലാത്തവരുമായ കർഷകരുടെ യോജിച്ച സമരങ്ങൾ അവരുടെയിടയിൽ ഐക്യം വളർത്തുന്നതിന് സഹായിച്ചു.

ത്രിപുരയിൽ സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി 1978-ൽ അധികാരത്തിലെത്തി. നൃപേൻ ചക്രബൊർത്തി മുഖ്യമന്ത്രിയായി. ഇടതുമുന്നണി സർക്കാർ ത്രിപുരയിൽ നിരവധി നടപടികൾക്ക് തുടക്കമിട്ടു. ഭൂപരിഷ്‌കരണം പൂർണമായും നടപ്പാക്കുന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്ന്. ഗോത്രജനതയുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യുന്നത് തടയുക, ഗോത്രജനതയ്‌ക്ക് അവരുടെ ഭൂമി തിരികെ നൽകുക എന്നിവ ഇതിന്റെ ഭാഗമായിരുന്നു. ഭൂപരിഷ്കരണ പരിപാടിയുടെ ഭാഗമായിത്തന്നെ 1979-ൽ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പങ്കുകൃഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ഭൂരഹിതരും ദരിദ്രരുമായ കർഷകർക്കായി ഭൂമി പുനർവിതരണം ചെയ്യുകയും ചെയ്‌തു. ജനാധിപത്യ വികേന്ദ്രീകരണം നടപ്പിലാക്കുന്നതിനും ഗോത്രജനതയ്‌ക്ക് പ്രാദേശിക സ്വയംഭരണാവകാശം നൽകുന്നതിനുമായി സ്വയംഭരണ ജില്ലാ കൗൺസിൽ നിയമം 1979-ൽ പാസ്സാക്കി. ഗോത്രഭാഷയായ കോക്ബൊറോക് ത്രിപുരയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി ഉൾപ്പെടുത്തി.

വിഘടനവാദവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾക്ക് 1980-കളുടെ ആദ്യം തുടങ്ങി 1990-കളിലും 2000-ത്തിലാരംഭിച്ച ദശകത്തിന്റെ മധ്യം വരെയും ത്രിപുര സാക്ഷിയായി. സായുധകലാപം സൃഷ്‌ടിച്ച അരക്ഷിതാവസ്ഥ 2000-കളുടെ പകുതി വരെയും സംസ്ഥാനത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇടതുമുന്നണി സർക്കാരിന്റെ ബഹുമുഖമായ ഇടപെടലുകളുടെ ഫലമായി 2000-കളുടെ അന്ത്യത്തോടെ വിഘടനവാദവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ വലിയ കുറവുണ്ടായി. ബഹുജനങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെന്നുള്ള രാഷ്‌ട്രീയ പ്രചാരണങ്ങൾ, അക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധനടപടികൾ, ഗോത്രപ്രദേശങ്ങളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എന്നിവ ഈ ഇടപെടലുകളുടെ ഭാഗമായിരുന്നു.

സമാധാനം തിരികെയെത്തിയത് ത്രിപുരയിൽ വികസനപ്രവർത്തനങ്ങൾക്ക് പുതിയ ഉണർവുണ്ടാക്കി. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീർഷ വരുമാനം, ജനാധിപത്യ വികേന്ദ്രീകരണം എന്നിവയിൽ വലിയ പുരോഗതി കൈവരിക്കാൻ ത്രിപുരയ്‌ക്ക് സാധിച്ചു. ഗോത്രജനതയുടെ അവകാശങ്ങൾ സംരക്ഷിച്ചതും ഗോത്രവിഭാഗങ്ങളിൽപ്പെടുന്നതും അല്ലാത്തതുമായ ജനങ്ങളുടെ വർഗാടിസ്ഥാനത്തിലുള്ള ഐക്യം കെട്ടിപ്പടുത്തതുമാണ് ത്രിപുരയിലെ കമ്മ്യൂണിസ്റ്റ്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ.

1978 മുതൽ 1988 വരെയും പിന്നീട് 1993 മുതൽ 2018 വരെയും ത്രിപുരയിൽ ഇടതുമുന്നണി സംസ്ഥാന സർക്കാരിനെ നയിച്ചു. 2018-ലെ സംസ്ഥാന തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു. സ്വകാര്യനിക്ഷേപകർ സംസ്ഥാനത്തെ ബഹിഷ്‌കരിക്കുന്നതും നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സമ്മർദ്ദവും നേരിട്ടുകൊണ്ട് മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ് എന്ന യാഥാർത്ഥ്യം ഒരുഭാഗത്ത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റു മാർഗങ്ങളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനായി തീവ്ര വലതുപക്ഷ കക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വളരെ വലിയതോതിൽ പണമൊഴുക്കിയത് മറുഭാഗത്ത്. ഇതുകൂടാതെ കമ്മ്യൂണിസ്റ്റുകാർക്കു നേരെ വലതുപക്ഷ ശക്തികളുടെ നിഷ്‌ഠൂരമായ അതിക്രമങ്ങളും അരങ്ങേറി.

എന്നാൽ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിത്തുടരുകയും ബിജെപിയുടെ അടിച്ചമർത്തലിനെതിരെ വീറോടെ പോരാട്ടം തുടരുകയും ചെയ്യുകയാണ്.

 

നവലിബറൽ യുഗം

 

ഇന്ത്യയിൽ വൻ‌കിട മുതലാളിമാരുടെ ശക്തി വർധിക്കുന്നതും നവലിബറൽ പാതയിലേയ്‌ക്കുള്ള വഴുതലും നേരത്തെതന്നെ പ്രകടമായിരുന്നെങ്കിലും 1991-ലാണ് ഇന്ത്യ ഔപചാരികമായി നവലിബറൽ യുഗത്തിലേക്ക് പ്രവേശിച്ചത്. പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെയും പൊതുമുതൽ തുച്‌ഛമായ വിലയ്‌ക്ക് വിറ്റഴിക്കുന്നതിനെയും തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്നതിനെയും കമ്മ്യൂണിസ്റ്റുകാർ അതിശക്തമായി എതിർത്തു. സോവിയറ്റ് യൂണിയന്റെ തകർച്ച, കൂടുതൽ അക്രമാസക്തമായ തരത്തിലുള്ള മുതലാളിത്തത്തിലേയ്‌ക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് ആക്കം കൂട്ടി.

ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ യത്‌നിക്കുന്ന തീവ്ര വലതുപക്ഷ രാഷ്‌ട്രീയശക്തികൾ നവലിബറലിസത്തോട് കൈകോർത്തും അതിനൊപ്പം തന്നെയുമാണ് വളർന്നത്. ഈ തീവ്ര വലതുപക്ഷ ശക്തികളെ നയിക്കുന്നത് രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്) ആണ്. അനവധി അനുബന്ധ സംഘടനകളുള്ള ആർ‌എസ്‌എസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ് ഉപകരണമാണ് ബിജെപി.

ദേശീയതലത്തിൽ, 1990-കളുടെ അവസാനം പ്രാദേശിക പാർട്ടികൾക്ക് മേധാവിത്വമുള്ള രണ്ട് കൂട്ടുകക്ഷിസർക്കാരുകളെ കമ്മ്യൂണിസ്റ്റ് പാർട്ടികളും മറ്റ് ഇടതുപാർട്ടികളും പിന്തുണച്ചിരുന്നു. രണ്ടു സർക്കാരുകളും ഹ്രസ്വകാലത്തേയ്‌ക്കേ നിലനിന്നുള്ളൂ. സ്വാതന്ത്ര്യാനന്തര ദേശീയ രാഷ്‌ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനം അതിന്റെ പാരമ്യത്തിലെത്തിയത് 2004-2007 കാലഘട്ടത്തിലാണ്. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു കൂട്ടുകക്ഷി സർക്കാരിനെ സിപിഐ(എം), സിപിഐ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ഓൾ ഇന്ത്യാ ഫോർവേർഡ് ബ്ളോക് എന്നീ ഇടതുപാർട്ടികൾ പിന്തുണച്ചപ്പോഴായിരുന്നു അത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഭരണത്തിൽ സുതാര്യത മെച്ചപ്പെടുത്താനുള്ള വിവരാവകാശനിയമം, ഭൂമിക്കും മറ്റുവിഭവങ്ങൾക്കും മേൽ ആദിവാസികൾക്കും മറ്റു വനവാസികൾക്കുമുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള വനാവകാശ നിയമം തുടങ്ങി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന പല നടപടികൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. പക്ഷേ അപ്പോഴും നവലിബറൽ ദിശയിൽ നിന്നും പിന്മാറ്റം ഉണ്ടായില്ല. ഒടുവിൽ അമേരിക്കൻ ഐക്യനാടുകളുമായി ആണവക്കരാർ ഒപ്പുവച്ചുകൊണ്ട് യുഎസ് സാമ്രാജ്യത്വവുമായി ഇന്ത്യയെ കൂടുതൽ അടുപ്പിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് 2008-ൽ ഇടതുപാർട്ടികൾ കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് ഉണ്ടായത് പശ്ചിമബംഗാളിൽ ആയിരുന്നു, 2007-ൽ. ഇടതുമുന്നണി 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടിയിരുന്നു. പക്ഷേ നവലിബറലിസം പടിപടിയായി സാമ്പത്തികരംഗം കീഴടക്കിയതോടെ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്‌ടമാകുന്ന സാഹചര്യം ഇന്ത്യയിലെമ്പാടും സംജാതമായി. സംസ്ഥാനങ്ങൾ തമ്മിൽ കിടമത്സരം മൂർച്‌ഛിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സംസ്ഥാനങ്ങൾ നിക്ഷേപം ആകർഷിക്കുന്നതിൽ പിന്നാക്കം പോകുന്ന അവസ്ഥയുണ്ടായി. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പൊതുനിക്ഷേപത്തിന്റെ കാര്യത്തിൽ പശ്ചിമബംഗാളിനെ തഴയുന്നത് പതിവായിരുന്നു. അതേസമയം വിദേശനിക്ഷേപം ഉൾപ്പെടെയുള്ള സ്വകാര്യനിക്ഷേപങ്ങൾ, വ്യവസായങ്ങൾക്ക് നികുതിയിലും തൊഴിൽ നിയമങ്ങളിലും കാര്യമായി ഇളവുകൾ നൽകുന്ന സംസ്ഥാനങ്ങളിലേയ്‌ക്കാണ് ആകർഷിക്കപ്പെട്ടത്. അടിത്തട്ടിലേയ്‌ക്കുള്ള ഈ മത്സരം (Race to the Bottom) ഏറ്റവും സാരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു പശ്ചിമബംഗാൾ. ഭൂപരിഷ്‌കരണത്തിന്റെ ഫലമായി സാമ്പത്തികവളർച്ചയ്‌ക്ക് കുറെക്കാലം ഉണർവുണ്ടായിരുന്നു. അത് പോകെപ്പോകെ കുറഞ്ഞുവന്നു. ബദലുകൾ ആവശ്യമായിവന്നു.

സ്വകാര്യനിക്ഷേപം ആകർഷിക്കാൻ ഇടതുമുന്നണി സർക്കാർ ശ്രമിക്കവേ, വ്യവസായവൽക്കരണത്തിന് കർഷകരിൽ നിന്നും ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമം വിവാദത്തിന് വഴി വച്ചു. കർഷകരിൽ പല വിഭാഗങ്ങളെയും സർക്കാരിനെതിരെ തിരിക്കുന്നതിന് പ്രതിപക്ഷം ഈ വിവാദത്തെ ഉപയോഗപ്പെടുത്തിയതോടെ വിഷയം ഒരു പ്രതിസന്ധിയായി വളർന്നു. ഇത് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർ പരാജയപ്പെടുന്നതിന് ഇടയാക്കി. അതിനുശേഷം കമ്മ്യൂണിസ്റ്റുകാർക്കെതിരെ വലതുപക്ഷം ഭീകരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഈ ആക്രമണങ്ങൾ വർഷങ്ങളോളം തുടർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും മറ്റ് ഇടതുപാർട്ടികളുടെയും അംഗങ്ങളും അനുഭാവികളുമായിട്ടുള്ള 250-ലേറെപ്പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടത് അനുഭാവികൾക്ക് വീടും ഗ്രാമവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

ബംഗാളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരങ്ങൾ തുടരുകയാണ്. നഗരങ്ങളിലെ അസംഘടിതരായ തൊഴിലാളികളെയും കരാർ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കമ്മ്യൂണിസ്റ്റുകാർ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട പല മേഖലകളിലുമുള്ള സ്‌ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അവർ പ്രത്യേകിച്ചും വിജയം കണ്ടിട്ടുണ്ട് — സർക്കാർ സ്‌കീമുകളിലും തുണിമില്ലുകളിലും ജോലിചെയ്യുന്നവർ ഉദാഹരണം. വീടുകളിൽ ജോലി ചെയ്യുന്ന സ്‌ത്രീകളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കണ്ടുവരുന്നു. സ്ഥിരമായിട്ടുള്ള പൊതു തൊഴിലിടങ്ങൾ കുറയുന്നതും വീട്ടിലിരുന്നുള്ള തൊഴിൽ വർദ്ധിക്കുന്നതും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ നേരിട്ടും തൊഴിലാളികളെ അണിനിരത്തി അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതിൽ പലയിടത്തും കമ്മ്യൂണിസ്റ്റുകാർ വിജയം കാണുന്നുണ്ട്.

ഈ സമരങ്ങളിൽ നിർണ്ണായകമായ ഒന്നാണ് ജാതിവ്യവസ്ഥയ്‌ക്കും ജാതിവിവേചനത്തിനുമെതിരായ പോരാട്ടം. ജാതിയുടെ പേരിലുള്ള അടിച്ചമർത്തലും അതിക്രമങ്ങളും ഈയടുത്ത ദശകങ്ങളിൽ വർദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ച കാലം മുതൽ തന്നെ ജാതീയമായ അടിച്ചമർത്തലിനെതിരെ പോരാടിയിട്ടുണ്ട്, ആ പോരാട്ടം തുടരുകയുമാണ്. ഒരു പക്ഷേ കമ്മ്യൂണിസ്റ്റുപ്രസ്ഥാനം ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ പോരാട്ടം. ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് 1990-കളുടെ അവസാ‍നം മുതൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നിരവധി സംഘടനകളും വേദികളും പുതുതായി രൂപീകരിച്ചിട്ടുണ്ട്. സാമൂഹിക അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനും അടിച്ചമർത്തപ്പെട്ട ജാതികളിൽപ്പെട്ട ജനങ്ങൾക്ക് ഭൂമിയിൽ അവകാശം നേടിയെടുക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ സംവരണവും മറ്റ് അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ഈ വേദികൾ പോരാട്ടങ്ങൾ നടത്തുന്നു. ഈ സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്, ജാതീയമായ അടിച്ചമർത്തലിനും ജാതീയമായ അതിക്രമങ്ങൾക്കും സ്‌ത്രീകൾക്കെതിരായ അക്രമങ്ങൾക്കും എതിരായിട്ടും, എല്ലാ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെയും വിമോചനത്തിനായിട്ടും സാധ്യമാകുന്ന ഏറ്റവും വിശാലമായ മുന്നണി കെട്ടിപ്പടുക്കാനാണ്.

കർഷകരുടെയും തൊഴിലാളികളുടെ സമരങ്ങളിൽ ഗണ്യമായ തോതിൽ പങ്കാളിത്തവും നേതൃത്വവും വഹിക്കുന്നതിനു പുറമേ, സ്‌ത്രീകൾക്ക് സ്വത്തവകാശം, വിവാഹമോചനത്തിനുള്ള അവകാശം തുടങ്ങിയ പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനായുള്ള പോരാട്ടങ്ങളിലും ഇടതുജനാധിപത്യ മഹിളാ പ്രസ്ഥാനങ്ങൾ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിനെതിരായ നിയമത്തിൽ പ്രധാനപ്പെട്ട ഭേദഗതികൾ വന്നത്. ജാതീയമായ നിഷ്‌ഠൂരകൃത്യങ്ങൾക്കെതിരെയും ദുരഭിമാനക്കൊലപാതകങ്ങൾക്കെതിരെയും ഈയടുത്ത ദശകങ്ങളിൽ നടന്നുവരുന്ന പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. (ജാതി മാമൂലുകളും മറ്റും ലംഘിച്ച് വിവാഹം കഴിക്കുകയോ പ്രണയത്തിലാവുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നതിനെയാണ് ദുരഭിമാനക്കൊല എന്നു വിശേഷിപ്പിക്കുന്നത്.) ഹരിയാനയിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിവരുന്ന പോരാട്ടം ഇതിൽ സവിശേഷശ്രദ്ധയർഹിക്കുന്നു.

ഹിന്ദുത്വശക്തികളുടെ വളർച്ചയും അവർ ജനങ്ങളെ വർഗീയാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് അണിനിരത്തുന്നതും കമ്മ്യൂണിസ്റ്റുകാർ നയിക്കുന്ന വിമോചനാത്മകമായ പോരാട്ടങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളിൽ ഇവ വിള്ളലുകളും സൃഷ്‌ടിക്കുന്നുണ്ട്. (ഹിന്ദുമതത്തെ വലതുപക്ഷ ശക്തികൾ രാഷ്‌ട്രീയമായി വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ആശയസംഹിതയാണ് ഹിന്ദുത്വ.) നവലിബറൽ നയങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിരാശ പൂണ്ട തൊഴിലാളിവർഗത്തിൽപ്പെട്ട ഹിന്ദുക്കളെ ആർഎസ്എസ്സും ബിജെപിയും മറ്റു ഫാഷിസ്റ്റ് ചായ്‌വുള്ള സംഘടനകളും അക്രമാത്മകമായ വർഗീയ സംഘർഷങ്ങളിലേയ്‌ക്ക് വഴിതിരിച്ചുവിടുകയാണ്. ഈ പ്രവണതയ്‌ക്കെതിരായ പോരാട്ടത്തിൽ പലപ്പോഴും കമ്മ്യൂണിസ്റ്റുകാർ ഒറ്റയ്‌ക്കാവുകയും ചെയ്യുന്നു. പതിവായി അക്രമകാരികളാകുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കു മുന്നിൽ പല രാഷ്‌ട്രീയ പാർട്ടികളും മുട്ടുമടക്കുമ്പോൾ, കമ്മ്യൂണിസ്റ്റുകാർ മറ്റു മതേതര-പുരോഗമന ശക്തികളുമായി ചേർന്ന് വിശാലമായ മുന്നണികൾ രൂപീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കാനായി മുന്നിൽ നിന്നു പോരാട്ടം തുടരുന്നു.

നവലിബറൽ യുഗത്തിൽ സ്വത്വരാഷ്‌ട്രീയത്തിന്റെയും ഏകവിഷയകേന്ദ്രിതമായ സർക്കാരിതര സംഘടനകളുടെയും (NGOs) പേരിൽ വിവിധ രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും യുഎസ് സാമ്രാജ്യത്വവും ഇന്ത്യൻ മുതലാളിവർഗവും തങ്ങളോട് ചേർത്തുനിർത്തുന്നുണ്ട്. ഇതിനിടയിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ന്യായമായ എല്ലാ സമരങ്ങളുടെയും മുൻ‌നിരയിൽത്തന്നെ നിലയുറപ്പിക്കുന്നു. കൂടുതൽ ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട അടിച്ചമർത്തലുകൾ പലരുടെയും പ്രതിഷേധങ്ങളെയും ശബ്‌ദങ്ങളെയും കീഴ്‌പ്പെടുത്തിക്കളയുന്നുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ കീഴടങ്ങാൻ വിസമ്മതിക്കുന്നു. വരുംകാലങ്ങളിലെ പോരാട്ടങ്ങൾ ബുദ്ധിമുട്ടുള്ളവയായിരിക്കുമെന്നും ഈ പ്രയാസങ്ങളെ നിറഞ്ഞ പ്രസരിപ്പോടും പ്രതീക്ഷയോടും കൂടി നേരിടണമെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചറിയുന്നു.

ഈ വർഷം നൂറ് വർഷങ്ങൾ തികയുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാര്യപരിപാടി അന്ത്യഘട്ടത്തിലെത്തിയിട്ടില്ലാത്ത ഒന്നാ‍ണ്. ചലനാത്മകമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നവലിബറലിസത്തിന്റെ ഉയർച്ചയിൽ അതിന്റെ ശക്തിക്ക് കോട്ടം തട്ടിയിട്ടുണ്ട്. എന്നാൽ അത് സ്വന്തം പരിമിതികളും അവസരങ്ങളും തിരിച്ചറിയുന്നുണ്ട്. വൈരവും കയ്പേറിയ പടലപ്പിണക്കങ്ങളും ഒഴിവാക്കി, പ്രശ്‌നങ്ങളെയും സാധ്യതകളെയും സത്യസന്ധമായി വിലയിരുത്തുമ്പോഴാണ് മുന്നോട്ടുള്ള വഴി വെട്ടിത്തുറക്കാനാവുക. ഈ മുന്നോട്ടുപോക്ക് ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. അതു നടക്കാതെ വന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വിനാശകരമായിരിക്കും.

 

Caption: Farmers in Sikar, Rajasthan conducting a mock funeral of the BJP government of the state of Rajasthan as part of a struggle led by the All India Kisan Sabha, 3 September 2017. Credit: All India Kisan Sabha

ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 2017 സെപ്റ്റംബർ 3-ന് രാജസ്ഥാനിലെ സീക്കറിൽ കർഷകർ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തുന്നു.
ഓൾ ഇന്ത്യാ കിസാൻ സഭ.

ഈ ദോസിയർ പിഡി‌എഫ് ആയി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.